ഒമാന്‍–ഇറാന്‍ വാതക പൈപ്പ്ലൈനിന്‍െറ  രൂപരേഖയില്‍ മാറ്റം വരുത്തും –മന്ത്രി അല്‍ റുംഹി

മസ്കത്ത്: കടലിന് അടിയിലൂടെയുള്ള ഒമാന്‍-ഇറാന്‍ വാതക പൈപ്പ്ലൈന്‍ കടന്നുപോകുന്ന സ്ഥലത്തിലും രൂപരേഖയിലും മാറ്റം വരുത്തുമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി. യു.എ.ഇയുടെ ജലാതിര്‍ത്തിയിലൂടെ കടന്നുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഇതെന്നും റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. 
ഇറാനിലെ സമ്പന്നമായ വാതക ശേഖരം ഒമാനിലെ എല്‍.എന്‍.ജി പ്ളാന്‍റുകളില്‍ എത്തിക്കാനും തുടര്‍ന്ന് റീ എക്സ്പോര്‍ട്ട് ചെയ്യുന്നതിനും പദ്ധതി യാഥാര്‍ഥ്യമാകുന്നത് വഴി സാധിക്കും. ആണവപ്രശ്നത്തെ ചൊല്ലി വന്‍ശക്തി രാഷ്ട്രങ്ങള്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ജനുവരിയില്‍ നീക്കിയശേഷമാണ് പൈപ്പ്ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇരു രാഷ്ട്രങ്ങളും പുനരാരംഭിച്ചത്. പദ്ധതി അവസാനഘട്ട രൂപകല്‍പനയിലാണ്. മൂന്നാമതൊരു രാഷ്ട്രത്തിന്‍െറ ജലാതിര്‍ത്തിയിലൂടെ കടന്നുപോകുന്നത് ഒഴിവാക്കാന്‍ പൈപ്പ്ലൈനിന്‍െറ ആഴം വര്‍ധിപ്പിക്കാനാണ് ധാരണയായത്. നേരത്തേ, സമുദ്രോപരിതലത്തില്‍നിന്ന് 300 മീറ്റര്‍ ആഴത്തില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. 
ഇത് ആയിരം മീറ്റര്‍ ആഴത്തിലാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. അല്‍ജീരിയയില്‍ സെപ്റ്റംബര്‍ 26ന് നടക്കുന്ന എണ്ണ ഉല്‍പാദകരുടെയും ഉപഭോക്താക്കളുടെയും യോഗത്തില്‍ പങ്കെടുക്കില്ളെന്നും മന്ത്രി പറഞ്ഞു. എണ്ണവില തകര്‍ച്ച നേരിടുന്നതില്‍ കൂട്ടായ്മയുടെ പരാജയത്തില്‍ തങ്ങള്‍ നിരാശരാണ്. 
ഇതിന്‍െറ ഭാഗമായിരിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ളെന്നും റുംഹി പറഞ്ഞു. എണ്ണവിലയിടിവിന്‍െറ ഫലമായി പ്രയാസകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നാല്‍, ചിലര്‍ എല്ലാം നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് കരുതുന്നത്. 
എണ്ണ ഖനനവും വിതരണവും ആവശ്യവും കുറഞ്ഞത് എണ്ണവിലയില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. എണ്ണ ഉല്‍പാദകര്‍ മുണ്ട് മുറുക്കിയുടുക്കേണ്ട അവസ്ഥയാണ്. അല്ലാത്ത പക്ഷം ഉല്‍പാദനം കുറച്ച് വില വര്‍ധനയുടെ സാധ്യതകള്‍ തേടണം. 
വിലയിടിവിന്‍െറ ഫലമായുള്ള ബജറ്റ് കമ്മി നേരിടാന്‍ ഒമാന്‍ ഇതിനകം പൊതുചെലവില്‍ ഏറെ കുറവുവരുത്തിയതായും മന്ത്രി പറഞ്ഞു. 
സൊഹാറിലെ എണ്ണ ശുദ്ധീകരണ സംവിധാനം അടുത്ത വര്‍ഷം ആദ്യത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്നും ഇതോടെ സൊഹാര്‍ റിഫൈനറിയുടെ ശേഷി 65 മുതല്‍ 70 ശതമാനം വരെ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു. 
പുതുതായുള്ള വിഭാഗത്തിലേക്ക് 70,000 മുതല്‍ 90,000 ബാരല്‍ വരെ ക്രൂഡോയില്‍ വേണ്ടിവരും. ക്രൂഡോയില്‍ കയറ്റുമതിയില്‍ ഇതോടെ അമ്പതിനായിരം ബാരലിന്‍െറ കുറവുണ്ടാകുമെന്നും അല്‍ റുംഹി കൂട്ടിച്ചേര്‍ത്തു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.