ക്രൂഡോയില്‍ ഉല്‍പാദനവും  കയറ്റുമതിയും വര്‍ധിച്ചു

മസ്കത്ത്: വര്‍ഷത്തെ ആദ്യ ഏഴു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ക്രൂഡോയില്‍ ഉല്‍പാദനത്തിലും കയറ്റുമതിയിലും വര്‍ധന. ജൂലൈ അവസാനത്തെ കണക്കനുസരിച്ച് കയറ്റുമതി 6.2 ശതമാനം വര്‍ധിച്ച് 190.71 ദശലക്ഷം ബാരലായി. ഉല്‍പാദനത്തിലെ വര്‍ധനയാണ് കയറ്റുമതിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒമാനി ക്രൂഡിന്‍െറ വില 39.9 ശതമാനം കുറഞ്ഞ് 36.4 ഡോളറായി. 
കഴിഞ്ഞവര്‍ഷം ജൂലൈ അവസാനം 59.9 ഡോളറായിരുന്നു ഒരു ബാരല്‍ ക്രൂഡോയിലിന്‍െറ വില. ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ 3.2 ശതമാനത്തിന്‍െറ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 206.71 ദശലക്ഷം ബാരലായിരുന്നത് ഇക്കുറി 213.40 ദശലക്ഷം ബാരലായാണ് ഉയര്‍ന്നത്. 
പ്രതിദിനം പത്തു ലക്ഷം ബാരലിന് മുകളിലായിരുന്നു ആദ്യ ഏഴുമാസങ്ങളിലെ ഉല്‍പാദനം. എണ്ണയില്‍നിന്നുള്ള വരുമാനത്തില്‍ 47.7 ശതമാനത്തിന്‍െറ കുറവാണ് ആദ്യ ആറുമാസത്തില്‍ ഉണ്ടായത്. കഴിഞ്ഞവര്‍ഷം 2,846.8 ദശലക്ഷം റിയാല്‍ വരുമാനം ലഭിച്ച സ്ഥാനത്ത് ഇക്കുറി 1,489.3 ദശലക്ഷം റിയാലാണ് വരുമാനമായി ലഭിച്ചത്. 75.20 ശതമാനം ഒമാനി ക്രൂഡും ചൈനയിലേക്കാണ് കയറ്റി അയച്ചത്. മൊത്തം 143.39 ദശലക്ഷം ബാരലാണ് ചൈനയിലേക്ക് കയറ്റി അയച്ചതെന്ന് കണക്കുകള്‍ പറയുന്നു. 
ചൈനയിലേക്കുള്ള കയറ്റുമതിയില്‍ ആദ്യ ഏഴുമാസങ്ങളില്‍ 2.9 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്. 
തായ്വാന്‍, അമേരിക്ക, തെക്കന്‍ കൊറിയ, ജപ്പാന്‍ എന്നിവയാണ് കയറ്റുമതിയില്‍ തൊട്ടുപിന്നിലെ സ്ഥാനങ്ങളിലുള്ളത്. പ്രകൃതിവാതക ഉല്‍പാദനം ആറു ശതമാനം ഉയര്‍ന്ന് 24,025 ദശലക്ഷം ക്യുബിക് മീറ്റര്‍ ആയതായും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. 
വന്‍കിട വ്യവസായ പദ്ധതികള്‍ക്കായി 13,579 ദശലക്ഷം ക്യുബിക് മീറ്റര്‍ പ്രകൃതിവാതകമാണ് ഉപയോഗിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.