ടൂര്‍ ഓഫ് ഒമാന്‍: ഒരുക്കം പുരോഗമിക്കുന്നു

മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിന്‍െറ ഭാഗമായ ഒമ്പതാമത് അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഈമാസം 16ന് ആരംഭിക്കും. മൊത്തം 900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിളോട്ടം ആറു ദിവസങ്ങളിലായാണ് നടക്കുന്നത്. അമേരിക്കയില്‍നിന്ന് രണ്ടു ടീമുകളടക്കം വിവിധ രാജ്യങ്ങളിലെ 18 അന്താരാഷ്ട്ര ടീമുകളാണ് ടൂര്‍ ഓഫ് ഒമാന്‍ എന്നപേരില്‍ അറിയപ്പെടുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. 2010ല്‍ ഒപ്പിട്ട കരാര്‍പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷമായി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ രീതിയിലാണ് മത്സരം നടക്കുന്നത്. കരാറിലെ അവസാനമത്സരമാണ് ഈ വര്‍ഷത്തേത്. കരാര്‍ പുതുക്കിയില്ളെങ്കില്‍ ഈവര്‍ഷത്തെ മത്സരം അവസാനത്തേതാകാനും സാധ്യതയുണ്ട്. മലകള്‍ കയറിയിറങ്ങുന്ന മത്സരമായതിനാല്‍ സാഹസികതയും കൂടുതലാണ്. മൂന്നാംദിവസം ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും മലകള്‍ താണ്ടുന്നുണ്ട്. 16ന് ഒമാന്‍ അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍ററില്‍നിന്നാണ് പ്രയാണം ആരംഭിക്കുന്നത്. 145 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സൈക്കിളോട്ടം അല്‍ ബുസ്താനില്‍ അവസാനിക്കും. ഫഞ്ച, അല്‍ ഫര്‍ഫറ, സബാന്‍, അല്‍ മിസ്ഫ, ഗാല, അല്‍ ഹംരിയ്യ മല, അല്‍ ജിസ്സ വഴിയാണ് അല്‍ ബുസ്താനില്‍ ഒന്നാംദിവസം അവസാനിക്കുന്നത്. ഒമാന്‍ ടെല്‍ ഹെഡ് ഓഫിസില്‍നിന്ന് ഖുറിയാത്തുവരെയുള്ള 162 കിലോമീറ്ററാണ് രണ്ടാംദിവസം സൈക്കിളില്‍ താണ്ടുന്നത്.

2015ലെ ടൂര്‍ ഓഫ് ഒമാനില്‍ പങ്കെടുത്തവര്‍ (ഫയല്‍ ചിത്രം)
 

ബോഷര്‍, അല്‍ ഹാജിര്‍ മല, സംഹത്ത്, അല്‍ താരിഫ്, ഖുറിയാത്ത ഇന്‍റര്‍ ചേഞ്ച്, ഖുറിയാത്ത് ടോള്‍ ഗേറ്റ് വഴി ഖുറിയാത്തില്‍ സമാപിക്കും. അല്‍ സവാദി മുതല്‍ നസീം ഗാര്‍ഡന്‍ വരെയുള്ള 176 കിലോമീറ്ററാണ് മൂന്നാം ദിവസം. അല്‍ സവാദി, മുസന്ന, മുലധ, അല്‍ അവാബി, റുസ്താഖ്, വാദി ബനീ ഒൗഫ്, നഖല്‍, അല്‍ തൗ വഴി മൂന്നാംദിവസം നസീം ഗാര്‍ഡനില്‍ സമാപിക്കും. മലകള്‍ താണ്ടാനില്ലാത്തതാണ് മൂന്നാം ദിവസത്തെ ഓട്ടം. നോളജ് സിറ്റിയില്‍ നിന്നാരംഭിച്ച് ജബല്‍ അഖ്ദറില്‍ അവസാനിക്കുന്നതാണ് നാലാംദിവസത്തെ പ്രയാണം. ഫഞ്ച, അല്‍ തുവൈറിയ, മുറാം, സൈമ, ബിര്‍കത്തുല്‍ മൗസ് വഴി ഒമാനിലെ ഏറ്റവും വലിയ മലനിരയായ ജബല്‍ അഖ്ദറില്‍ അവസാനിക്കും. ഇത് ഏറെ സാഹസം നിറഞ്ഞതുമാണ്. അല്‍ സിഫായില്‍ നിന്നാരംഭിച്ച് മസ്കത്തിലെ ടൂറിസം മന്ത്രാലയത്തിന് സമീപം അവസാനിക്കുന്നതാണ് അഞ്ചാംദിവസം. 119.5 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഇത്തി, അല്‍ ജിസ്സ, വാദി കബീര്‍ ബോഷര്‍വഴി ടൂറിസംമന്ത്രാലയം പരിസരംവരെയുള്ള പ്രയാണം. വേവ് മസ്കത്തില്‍ നിന്നാരംഭിച്ച് മത്ര കോര്‍ണിഷില്‍ അവസാനിക്കുന്നതാണ് ആറാം ദിവസം. വേവ് മസ്കത്ത്, സീബ്, അല്‍ ഖൂദ്, അല്‍ ഖുബ്റ, എക്സ്പ്രസ് വേ, വത്തയ്യ, അല്‍ ഹംരിയ്യ മല, ജിസ, ഖന്തബ്, മസ്കത്ത് വഴി കോര്‍ണീഷില്‍ എത്തുന്നതോടെ ഈവര്‍ഷത്തെ ടൂര്‍ ഓഫ് ഒമാന് സമാപനമാകും. ടൂര്‍ ഓഫ് ഒമാന്‍െറ ഭാഗമായി ഗതാഗത നിയന്ത്രണമുണ്ടാവും. സൈക്കിളോട്ടം കടന്നുപോകുന്ന വഴികളില്‍ ഭാഗികമായ നിയന്ത്രണമാണുണ്ടാവുക. സൈക്കിളോട്ടം നടക്കുന്ന സമയങ്ങളില്‍ റോഡിന്‍െറ ഒരുഭാഗത്ത് മാത്രമായിരിക്കും നിയന്ത്രണം. കഴിഞ്ഞവര്‍ഷം ടൂര്‍ ഒമാന്‍ സമയത്ത് ഒമാനില്‍ അന്തരീക്ഷ ഊഷ്മാവ് കൂടിയത് ചില സൈക്കിളോട്ടക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. അതിനാല്‍ ചില ടീമുകള്‍ ഈ വര്‍ഷം പിന്മാറിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.