മസ്കത്ത്: അംഗോള പ്രസിഡന്റ് ജോവോ ലോറെൻകോയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ കരാറിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചു. അംഗോളയിലെ കാറ്റോക്ക, ലുവേൽ ഖനികളിൽ ഓഹരികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാർ. ആദ്യ ധാരണപത്രത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ മേഖലകളിലെ സഹകരണമാണ് ഉൾപ്പെടുന്നത്.
രണ്ടാമത്തേത് തന്ത്രപരമായ സാമ്പത്തിക സംരംഭങ്ങളിലെ സഹകരണത്തിനുള്ള അവസരങ്ങളും പര്യവേക്ഷണം ചെയ്യുന്നതാണ്. ഒമാൻ സർക്കാറിനുവേണ്ടി ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർശിദിയാണ് കരാറിലും ധാരണപത്രത്തിലും ഒപ്പുവെച്ചത്.
അംഗോളൻ ഗവൺമെന്റിനുവേണ്ടി മിനറൽ റിസോഴ്സസ്, ഓയിൽ ആൻഡ് ഗ്യാസ് മന്ത്രി ഡയമന്തിനോ പെഡ്രോ അസെവെഡോ, ധനകാര്യ മന്ത്രി വെരാ എസ്പറാൻക ഡോസ് സാന്റ്റോസ് കരാറുകളിൽ ഒപ്പുവെച്ചു. ചടങ്ങിൽ ചില രാജകുടുംബാംഗങ്ങളും മന്ത്രിമാരും സൈനിക മേധാവികളും പ്രസിഡന്റിനെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളും പങ്കെടുത്തു. ഔദ്യോഗിക സന്ദർശനത്തിനെത്തിയ അംഗോള പ്രസിഡന്റിനും സംഘത്തിനും ആദരസൂചകമായി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ ആലം പാലസ് ഗെസ്റ്റ്ഹൗസിൽ ഔദ്യോഗിക വിരുന്നൊരുക്കി. സുൽത്താനും ഭാര്യയും അംഗോളയുടെ പ്രസിഡന്റിനും ഭാര്യക്കും സ്മരണികയും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.