മസ്കത്ത്: ഗൾഫ് കപ്പ് ട്വന്റി20 ടൂർണമെന്റിൽനിന്ന് നിലവിലെ ചാമ്പ്യൻമാരായ ഒമാൻ പുറത്ത്. മികച്ച വിജയം അനിവാര്യമായിരുന്ന അവസാന മത്സരത്തിൽ കുവൈത്തിനോട് മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത് ഒമാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്ത് മൂന്ന് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിന് വിജയം കാണുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാന് ഓപണർമാരായ കരൺ സോനെവാലെ (20), ക്യാപ്റ്റൻ ജിതേന്ദ്ര സിങ് (27) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. സ്കോർ ബോർഡിൽ 50 റൺസ് തികച്ച് മുന്നേറുന്നതിനിടെ ഇരുവരേയും ഇദ്രീസ് ഒരു ഓവറിൽ പുറത്താക്കിയാണ് കുവൈത്തിന് ബ്രേക്ക് ത്രൂ നൽകിയത്.
പിന്നീട് വന്നവരൊക്കെ പവലിയനിലേക്ക് മാർച്ച് നടത്തുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. വിക്കറ്റ് കീപ്പർ വിനായക് ശുക്ല നടത്തിയ ഒറ്റയാൾ പോരാട്ടമാണ് (29 ബാളിൽ 52*) ഒമാന് മാന്യമായ സ്കോർ സമ്മാനിച്ചത്.
മൂന്ന് വീതം ഫോറും സിക്സും ഇദ്ദേഹത്തന്റെ ബാറ്റിൽനിന്ന് പിറന്നു. കുവൈത്തിന്റെ ഓപണർമാരെ പെട്ടെന്ന് പറഞ്ഞയച്ച് ഒമാൻ ബൗളർമാർ പ്രതീഷ നൽകിയെങ്കിലും മീത്ത് ഭവസാറിന്റെ മിന്നും പ്രകടനം (46 ബാളിൽ 63) വിജയം ഒമാന്റെ തട്ടിയെടുക്കുകയായിരുന്നു.
ഒമാനുവേണ്ടി ശക്കീൽ അഹമ്മദ്, ജയ് ഒഡെഡാര രണ്ട് വീതവും സമൈ ശ്രീവാസ്തവ ഒന്നും വിക്കറ്റ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.