മസ്കത്ത്: മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായി ഒരുങ്ങുന്ന പ്രഥമ പുഷ്പമേളയിൽ ഭരണാധികാരികളുടെ പേരുകളുള്ള റോസാപ്പൂക്കളും സന്ദർശകരുടെ മനംകവരും. വിട പറഞ്ഞ സുൽത്താൻ ഖാബൂസ്, സുൽത്താൻ ഹൈതം ബിൻ താരിഖ്, സുൽത്താന്റെ ഭാര്യ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി എന്നിവരുടെ പേരിലുള്ള റോസാപ്പൂക്കളാണ് മേളയുടെ പ്രധാന ആകർഷണമാകാനായി ഒരുങ്ങുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള പത്തുലക്ഷത്തിലധികം പൂക്കളാണ് മനോഹരമായ കാഴ്ചയൊരുക്കുക.
ഫ്രാൻസ്, നെതർലൻഡ്സ്, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര പ്രശസ്തരായ ഫ്ലോറൽ ഡിസൈനർമാരുടെ കലാരൂപങ്ങളും അവതരിപ്പിക്കും. സിംഗപ്പൂർ, തായ്ലൻഡ്, ചൈന, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള ഒരു അന്താരാഷ്ട്ര ടീം ആണ് ഫ്ലവർ നഗരി രൂപകൽപന ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള പുഷ്പ വിസ്മയങ്ങളുടെ അവിസ്മരണീയമായ കാഴ്ചയായിരിക്കും മേളയെന്ന്, ലോകമെമ്പാടുമുള്ള പുഷ്പ ഡിസൈനിങിലെ പ്രമുഖനായ സാം ലെംഹെനി പറഞ്ഞു. മസ്കത്ത് ഫ്ലവർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഖുറം നാച്ചുറൽ പാർക്കിനെ ആകർഷകമായ പുഷ്പകാഴ്ചയാക്കി മാറ്റും. ഞങ്ങളുടെ അന്തർദേശീയ വൈദഗ്ധ്യവും പ്രാദേശിക കഴിവുകളും സമന്വയിപ്പിച്ചു, ഇത് പ്രകൃതിയുടെയും കലകളുടെയും വൈവിധ്യമാർന്ന ചുറ്റുപാടുകളുടെയും സൗന്ദര്യത്തിന്റെ ആഘോഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കലയും പ്രകൃതിയും സർഗാത്മകതയും സമന്വയിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരമാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നതെന്ന് മസ്കത്ത് ഫ്ലവർ ഫെസ്റ്റിവലിന്റെ സാങ്കേതിക സൂപ്പർവൈസർ ഹനാൻ ബിൻത് അബ്ദുല്ല അൽ ശ്രൈഖിയ്യ പറഞ്ഞു.
ഒമാനിലെ പ്രശസ്ത ഫ്ലോറിസ്റ്റായ മാധവി രമേഷ് ഖിംജി, അവരുടെ പ്രാദേശിക ഡിസൈനർമാരുടെ സംഘത്തിന്റെയും കലാവൈഭവം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. വേൾഡ് അസോസിയേഷൻ ഓഫ് ഫ്ലോറൽ ആർട്ടിസ്റ്റുകളിൽ അംഗമാകുന്ന ജി.സി.സിയിലെ ആദ്യത്തെ രാജ്യമാണ് ഒമാൻ .
ഗ്രാൻഡ് ഫ്ലോറൽ സെന്റർപീസ്, അത്ഭുതങ്ങളുടെ വേരുകൾ, സ്വപ്നങ്ങളുടെ മേലാപ്പുകൾ എന്നിങ്ങനെയുള്ള അതിശയകരമായ കലാസൃഷ്ടികൾ കാണികളെ ആകർഷിക്കുന്നതാകും.
അതേസമയം, തലസ്ഥാന നഗരിക്ക് ആഘോഷരാവുകളുമായെത്തുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഡിസംബർ 23മുതൽ ജനുവരി 21നും ഇടയിൽ നസീം പാർക്ക്, വാദി അൽ ഖൗദ്, സീബ് ബീച്ച്- സുർ അൽ ഹദീദ്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക് എന്നിങ്ങനെ ഒന്നിലധികം വേദികളിലാണ് ഇപ്രാവശ്യം ഫെസ്റ്റിവൽ നടക്കുക. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിപാടികളിലും വൈവിധ്യങ്ങളുണ്ട്.
700-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശനം ഒരുക്കുന്നുണ്ട്. ഖുറം നാച്ച്വറൽ പാർക്കിൽ ഫ്ളവർ ഷോയും ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും.
ഫുഡ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിലെ എംബസികൾ പ്രതിനിധീകരിക്കുന്ന പവലിയൻ തുടങ്ങി ചില ജനപ്രിയ പരിപാടികളുടെ തിരിച്ചുവരവ് ഉൾപ്പെടെ ഈ വർഷത്തെ ഫെസ്റ്റിവലിന് ചില പുതിയ സവിശേഷതകൾ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.