കുവൈത്തില്‍ ഇന്ധന, വൈദ്യുതി നിരക്ക് വര്‍ധന: നിര്‍ദേശം നാളെ പാര്‍ലമെന്‍റില്‍

കുവൈത്ത് സിറ്റി: രാജ്യാന്തര വിപണയിലെ എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അവശ്യസേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് അധികം വൈകില്ളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഇന്ധന, വൈദ്യുതി നിരക്കുവര്‍ധന ഉടനുണ്ടാവുമെന്ന് സൂചന നല്‍കി ഇതുസംബന്ധിച്ച നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്‍റിന് മുമ്പാകെ സമര്‍പ്പിക്കുമെന്ന് മുന്‍ഗണനാ സമിതി ചെയര്‍മാന്‍ യൂസുഫ് അല്‍സല്‍സല അറിയിച്ചു. 
വൈദ്യുതി ഉപയോഗിക്കുന്നത് അനുസരിച്ച് നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് സമിതിയുടെ ശിപാര്‍ശ. നിലവില്‍ പ്രതിമാസം 12,000 കിലോവാട്ട് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് കിലോവാട്ടിന് രണ്ട് ഫില്‍സ് ആണ് നിരക്ക്. 3,000 കിലോവാട്ട് വരെ അഞ്ച് ഫില്‍സ്, 3,000 മുതല്‍ 6,000 കിലോവാട്ട് വരെ 10 ഫില്‍സ്, 6,000 കിലോവാട്ട് മുതല്‍ 10,000 കിലോവാട്ട് വരെ 15 ഫില്‍സ് എന്നിങ്ങനെയാണ് സമിതി സമര്‍പ്പിച്ച നിരക്ക്. ഇതേസമയം 3,000 കിലോവാട്ട് വരെ രണ്ട് ഫില്‍സ്, 3,000 മുതല്‍ 6,000 കിലോവാട്ട് വരെ അഞ്ച് ഫില്‍സ്, 6,000 കിലോവാട്ട് മുതല്‍ 10,000 കിലോവാട്ട് വരെ 15 ഫില്‍സ് എന്ന നിരക്കാണ് ഇതിനായി നിയോഗിക്കപ്പെട്ട സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇത് രണ്ടും പാര്‍ലമെന്‍റില്‍ ചര്‍ച്ചക്കുവരുമെന്നാണ് സൂചന. 
പെട്രോള്‍ വില വര്‍ധന സംബന്ധിച്ചും മുന്‍ഗണനാ സമിതിയും പ്രത്യേക സമിതിയും വ്യത്യസ്ത നിരക്ക് വര്‍ധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്്. 
നിലവില്‍ 60 ഫില്‍സുള്ള സൂപ്പര്‍ പെട്രോളിന് 85 ഫില്‍സായും 65 ഫില്‍സുള്ള സ്പെഷല്‍ പെട്രോളിന് 90 ഫില്‍സായും 90 ഫില്‍സുള്ള അള്‍ട്രാ പെട്രോളിന് 115 ഫില്‍സ് എന്നതാണ് പ്രത്യേക സമിതിയുടെ ശിപാര്‍ശ. എന്നാല്‍, സൂപ്പര്‍ പെട്രോളിന് 85 ഫില്‍സായും സ്പെഷല്‍ പെട്രോളിന് 105 ഫില്‍സായും അള്‍ട്രാ പെട്രോളിന് 115 ഫില്‍സായും വര്‍ധിപ്പിക്കാനാണ് മുന്‍ഗണനാ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. 
അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വിലത്തകര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കെ മിക്ക ഗള്‍ഫ് രാജ്യങ്ങളും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. 
വില വര്‍ധിപ്പിക്കാതെ നിവൃത്തിയില്ളെന്ന ഘട്ടത്തില്‍ കുവൈത്ത് സര്‍ക്കാര്‍ ഇതേ കുറിച്ച് പഠിക്കാന്‍ വിദ്ഗധ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. 
കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ വ്യവസായികാവശ്യത്തിനുള്ള ഡീസലിന്‍െറയും മണ്ണെണ്ണയുടെയും വിമാന ഇന്ധനത്തിന്‍െറയും സബ്സിഡി കുറച്ചതിനെ തുടര്‍ന്ന് അവയുടെ വില ഉയര്‍ന്നിരുന്നു. 
സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്‍ധിച്ചതും സര്‍ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.