എണ്ണവിലയിടിവ് : കഴിഞ്ഞവര്‍ഷത്തെ നഷ്ടം 14 ബില്യണ്‍ ഡോളര്‍

മസ്കത്ത്: 2014നെ അപേക്ഷിച്ച് എണ്ണവിലയിലുണ്ടായ ഇടിവുമൂലം കഴിഞ്ഞവര്‍ഷം രാജ്യത്തിനുണ്ടായ വരുമാനനഷ്ടം 14 ബില്യണ്‍ ഡോളറാണെന്ന് ഒൗദ്യോഗിക റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം പ്രതിദിനം 9,81,000 ബാരല്‍ ക്രൂഡോയിലാണ് ഉല്‍പാദിപ്പിച്ചത്. 2014ല്‍ ഇത് പ്രതിദിനം 9,43,500 ബാരല്‍ ആയിരുന്നു. ഉല്‍പാദനംകൂടിയെങ്കിലും കഴിഞ്ഞവര്‍ഷം ബാരലിന് ശരാശരി 56.5 ഡോളര്‍ നിരക്കിലാണ് വില്‍പന നടന്നത്. ഇത് 2014നെക്കാള്‍ 45 ശതമാനം കുറവാണെന്ന് നാഷനല്‍ സെന്‍റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍െറ (എന്‍.സി.എസ്.ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ 2.5 ബില്യണ്‍ റിയാലിന്‍െറ ബജറ്റ് കമ്മിയായിരുന്നു ഒമാനിന്‍േറത്. ധനക്കമ്മി 15 ശതമാനമായിരുന്നത് എണ്ണവിലയിലെ പ്രതിസന്ധിമൂലം ഈവര്‍ഷം 17 ശതമാനമാകുമെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തികഭദ്രത കൈവരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഐ.എം.എഫ് നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ സുസ്ഥിരനേട്ടം മുന്നില്‍ക്കണ്ടുള്ള നടപടികള്‍ക്ക് വൈകരുതെന്നാണ് ഐ.എം.എഫ് നിര്‍ദേശം. 2011ല്‍ അറബ് വസന്തത്തിന്‍െറ സമയത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ സാമ്പത്തികസുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച ഐ.എം.എഫ് ഇപ്പോള്‍ പൊതുമേഖലയില്‍ വേതനം കുറക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. നികുതിയും ഇന്ധനവിലയും വര്‍ധിപ്പിച്ചും സബ്സിഡികള്‍ വെട്ടിക്കുറച്ചും വരുമാനചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുമുണ്ട്. 2.5 ബില്യണ്‍ റിയാലിന്‍െറ കമ്മി നികത്താന്‍ എണ്ണയിതര മേഖലയില്‍നിന്നുള്ള വിഭവങ്ങളെ രാജ്യം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, രാജ്യത്തിന്‍െറ പ്രകൃതിവാതക ഉല്‍പാദനവും കയറ്റുമതിയും 2014നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 5.6 ശതമാനം വര്‍ധിച്ചതായും എന്‍.സി.എസ്.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം പ്രകൃതിവാതക ഉല്‍പാദനവും കയറ്റുമതിയും 39,806 മില്യണ്‍ ക്യുബിക് മീറ്റര്‍ ആയിരുന്നു. 2014ല്‍ ഇത് 37,687 ക്യുബിക് മീറ്ററും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.