ടൂര്‍ ഓഫ് ഒമാന്‍ ഇന്നാരംഭിക്കും

മസ്കത്ത്: ഏഴാമത് അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ടൂര്‍ ഓഫ് ഒമാന്‍ ചൊവ്വാഴ്ച ആരംഭിക്കും. മൊത്തം 900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിളോട്ടം ആറു ദിവസങ്ങളിലായാണ് നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയില്‍നിന്ന് രണ്ടു ടീമുകളടക്കം വിവിധ രാജ്യങ്ങളിലെ 18 അന്താരാഷ്ട്ര ടീമുകളാണ് പങ്കെടുക്കുന്നത്. 
2010ല്‍ ഒപ്പിട്ട കരാര്‍പ്രകാരം കഴിഞ്ഞ ആറു വര്‍ഷമായി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ രീതിയില്‍ നടക്കുന്ന മത്സരമാണിത്. കരാറിലെ അവസാനമത്സരമാണ് ഇന്നാരംഭിക്കുക. ഇതിന്‍െറ വിജയം അറിഞ്ഞശേഷമേ കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് സ്പോര്‍ട്സ് ഇവന്‍റ് കമ്മിറ്റിയംഗം സാലിം ബിന്‍ മുബാറക് അല്‍ ഹസനി പറഞ്ഞു.16ന് ഒമാന്‍ അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍റര്‍-അല്‍ ബുസ്താന്‍, 17ന് ഒമാന്‍ ടെല്‍ ഹെഡ് ഓഫിസ്-ഖുറിയാത്ത്, 18ന് അല്‍ സവാദി-നസീം ഗാര്‍ഡന്‍, 19ന് നോളജ് സിറ്റി-ജബല്‍ അഖ്ദര്‍, 20ന് അല്‍ സിഫാ-മസ്കത്തിലെ ടൂറിസം മന്ത്രാലയം, 21ന്വേവ് മസ്കത്ത്-മത്ര കോര്‍ണിഷ് എന്നിങ്ങനെയാണ് റൂട്ട്. ടൂര്‍ ഓഫ് ഒമാന്‍െറ ഭാഗമായി ഗതാഗത നിയന്ത്രണമുണ്ടാകും. സൈക്കിളോട്ടം കടന്നുപോകുന്ന വഴികളില്‍ ഭാഗികമായ നിയന്ത്രണമാണുണ്ടാവുക. ഈ സമയങ്ങളില്‍ റോഡിന്‍െറ ഒരുഭാഗത്ത് മാത്രമായിരിക്കും നിയന്ത്രണം. സ്പോര്‍ട്സ് ഇവന്‍റ് കമ്മിറ്റി സൂപര്‍വൈസര്‍ ഹബീബ് സെയ്ഫ് അല്‍ സവാവി, സംഘാടകസമിതിയിലെ എഡി മെര്‍ക്, തിയറി ഗൗവേനു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.