ഇന്ധന വില വര്‍ധന പ്രഖ്യാപിച്ചു;  പെട്രോളിന്  40 ബൈസയും ഡീസലിന് 14 ബൈസയും കൂടി

മസ്കത്ത്: ഒമാനില്‍ സബ്സിഡി വെട്ടിച്ചുരുക്കിയതിന് ശേഷമുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് 40 ബൈസയും ഡീസല്‍ ലിറ്ററിന് 14 ബൈസയുമാണ് വര്‍ധിപ്പിച്ചത്. ഈമാസം 15 മുതലാണ് പുതുക്കിയ വില നിലവില്‍ വരുക. പുതുക്കിയ നിരക്ക് പ്രകാരം ലിറ്ററിന് 120 ബൈസയുണ്ടായിരുന്ന സൂപ്പര്‍ഗ്രേഡ് പെട്രോളിന് ഈമാസം 15 മുതല്‍ 160 ബൈസയായിരിക്കും വില. റെഗുലര്‍ ഗ്രേഡ് പെട്രോളിന്‍െറ വില 114 ബൈസയില്‍നിന്ന് 140 ബൈസയായി ഉയര്‍ത്തി. 146 ബൈസ വിലയുണ്ടായിരുന്ന ഡീസല്‍ ലിറ്ററിന് 160 ബൈസയാക്കി. എണ്ണവാതക മന്ത്രാലയം ട്വിറ്ററിലൂടെയാണ് പുതുക്കിയ വില പുറത്തുവിട്ടത്. സാധാരണക്കാരായ വാഹന ഉടമകളുടെ ജീവിത ബജറ്റിനെയും നിരവധി വാഹനങ്ങളുള്ള സ്ഥാനപനങ്ങളെയും വിലവര്‍ധന ബാധിക്കുമെന്ന് ഉറപ്പാണ്. 50 ലിറ്റര്‍ ശേഷിയുള്ള സാധാരണ സലൂണ്‍ കാറുകളില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് റിയാല്‍ അധികം നല്‍കേണ്ടിവരും. നേരത്തേ, അമ്പത് ലിറ്ററിന് ആറ് റിയാല്‍ വില നല്‍കിയിരുന്ന സ്ഥാനത്ത് എട്ട് റിയാല്‍ നല്‍കേണ്ടി വരും. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും ഭൂവിസ്തൃതിയുള്ള രാജ്യമാണ് ഒമാന്‍. പട്ടണങ്ങള്‍ തമ്മില്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലവുമുണ്ട്. വാഹന ഉടമകള്‍ക്ക് മാസം ശരാശരി അഞ്ചുതവണയെങ്കിലും ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കേണ്ടിവരുന്നുണ്ട്. ഡീസല്‍ വിലയിലെ വര്‍ധന 14 ബൈസ മാത്രമാണ് എങ്കിലും ചരക്ക് ഗതാഗതമേഖലയില്‍ ഇത് ചെലവ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സാധനങ്ങളുടെ വിലയെ ഇത്  സ്വാധീനിക്കും. മാസങ്ങള്‍ക്ക് മുമ്പ് യു.എ.ഇയും സൗദിയും ഇന്ധനവില നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു.  എന്നാല്‍, പെട്രോള്‍ വില കൂട്ടിയ യു.എ.ഇ ഡീസലിന്‍െറ വില കുറക്കുകയായിരുന്നു. 15 മുതല്‍ വില വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഒമാന്‍ ഓയില്‍ ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കുറിപ്പ് അയച്ചിട്ടുണ്ട്. മാസന്തോറും പണമടക്കുന്ന കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ബില്‍ വരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പില്‍ വില വര്‍ധനയുമായി സഹകരിക്കണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.