സൊഹാർ: 30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി പൊന്നാനി മാറഞ്ചേരി സ്വദേശി ബാലചന്ദ്രൻ തിരികെ നാട്ടിലേക്ക് മടങ്ങുകയാണ്. സഹമിലെ പ്രിയപ്പെട്ട ബാലേട്ടന്റെ സ്നേഹസ്പർശങ്ങൾ ഇനി മധുരമുള്ള ഓർമകൾക്ക് നൽകാനൊരുങ്ങുകയാണ് പ്രിയപ്പെട്ടവരും പ്രവാസികളും.
1994ൽ ഒമാനിലെത്തിയ ബാലൻ സഹമിലും ഫലജിലുമായി സൂപ്പർ മാർക്കറ്റിൽ ജോലിചെയ്തു. പിന്നീട് 2004ൽ സഹമിൽ ഒരു റെസ്റ്റാറന്റ് തുടങ്ങുകയായിരുന്നു. 'ബാലന്റെ ഹോട്ടൽ' എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഈ റെസ്റ്റാറന്റിൽ എത്താത്തവർ ചുരുക്കമാണ്.
കാശില്ലാത്തവർക്കും ജോലിയില്ലാത്തവർക്കും സഹായമാവശ്യമുള്ളവർക്കും ബാലന്റെ ഹോട്ടൽ ഒരു രക്ഷയായിരുന്നു. കൈയിൽ പണമില്ലെങ്കിലും ബാലേട്ടന്റെ ഹോട്ടലിൽ ഭക്ഷണം കഴിക്കാം. നാട്ടിലെ ബന്ധുക്കളുടെയും സ്നേഹിതന്മാരുടെയും വേണ്ടപ്പെട്ടവർ ഒമാനിലെത്തുമ്പോൾ ബാലനെ വിളിച്ച് സഹായമഭ്യർഥിക്കും.
മസ്കത്ത്, സലാല, നിസ്വ, ഇബ്രി എന്നിങ്ങനെ ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കെല്ലാം ബാലേട്ടന്റെ സഹായം ലഭിച്ചിട്ടുണ്ട്.
സഹം ഗവൺമെന്റ് ആശുപത്രിക്ക് മുന്നിലാണ് ബാലചന്ദ്രന്റെ ഹോട്ടൽ. അതുകൊണ്ട് തന്നെ പ്രവാസികളുടെ മരണം, അപകടത്തിൽപ്പെട്ടവർ എന്നിവർക്ക് ബാലചന്ദ്രൻ സഹായവുമായി മുന്നിലുണ്ടാകും.
ജീവകാരുണ്യ, സാമൂഹിക പ്രവർത്തനത്തിലും മരണപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിലും രോഗികൾക്ക് ചികിത്സ നേടിക്കൊടുക്കുക എന്നുവേണ്ട പാസ്പോർട്ട്, വിസ സംബന്ധമായ എല്ലാ സഹായങ്ങൾക്കും ഇന്ത്യൻ എംബസി അടക്കം അതാത് ഓഫിസുകളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീർപ്പാക്കാനുള്ള നിർദേശവും സഹായവും ബാലചന്ദ്രന്റെ നൽകുമായിരുന്നു.
മസ്കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് രൂപവത്കരിച്ച കാലം മുതൽ 2022 വരെ കേരള വിങ്ങിന്റെ മെംബറായിരുന്നു. ഇന്ത്യൻ സ്കൂൾ സഹമിൽ പ്രാവർത്തികമാക്കാൻ വേണ്ടി പ്രവർത്തിച്ച അമരക്കാരിൽ പ്രധാനിയായിരുന്നു ബാലചന്ദ്രൻ. ഇന്ത്യൻ സ്കൂൾ അഡ്ഹോക് കമ്മിറ്റി മെംബറുമായിരുന്നു.
കൊറോണ കാലയളവിൽ ഭക്ഷ്യകിറ്റ് വിതരണത്തിൽ ഏറ്റവും മുൻ പന്തിയിലുണ്ടായിരുന്ന ബാലചന്ദ്രന്റെ സാന്നിധ്യം ആരും തന്നെ വിസ്മരിക്കില്ല. കുടുംബവുമായി ഒമാനിലെ സഹമിൽ താമസിക്കുന്ന ബാലചന്ദ്രന് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന രണ്ട് മക്കളുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കാണ് ബാലചന്ദ്രന്റെ സ്വദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.