മസ്കത്ത്: ഗള്‍ഫില്‍നിന്നുള്ള 12 ടീമുകള്‍ അണിനിരക്കുന്ന ഹോക്കി ടൂര്‍ണമെന്‍റായ ഗള്‍ഫ് ഹോക്കി ഫിയസ്റ്റ-2016 അടുത്തമാസം 26ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുനൈറ്റഡ് തലശ്ശേരി സ്പോര്‍ട്സ് ക്ളബ് (യു.ടി.എസ്.സി), ഒമാന്‍ ഹോക്കി അസോസിയേഷനുമായി സഹകരിച്ചാണ് സ്റ്റാര്‍കെയര്‍ കപ്പിന് വേണ്ടിയുള്ള ഹോക്കി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ബോഷറിലെ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ളക്സിലാണ് മത്സരങ്ങള്‍.
ഗള്‍ഫ് രാജ്യങ്ങളിലെ ടീമുകള്‍ പങ്കെടുക്കുന്ന ഹോക്കി ടൂര്‍ണമെന്‍റ് ഒമാനില്‍ ആദ്യമായാണ് നടക്കുന്നതെന്ന് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ സാലി താച്ചര്‍ പറഞ്ഞു. സൗദി അറേബ്യയില്‍നിന്ന് രണ്ടും ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, യു.എ.ഇ എന്നിവിടങ്ങളില്‍നിന്ന് ഓരോ ടീമുകളും പങ്കെടുക്കും. അഞ്ച് പ്രവാസി ടീമുകളും ഒരു ഒമാന്‍ ടീമുമാണ് ഒമാനില്‍നിന്ന് പങ്കെടുക്കുക.
അര്‍ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പറും വൈസ് ക്യാപ്റ്റനുമായ പി.ആര്‍. ശ്രീജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഒമാന്‍ ഹോക്കി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രേഥ താഖി അല്‍ ലവാതി, മുതിര്‍ന്ന ഇന്ത്യന്‍ ഹോക്കിതാരം എസ്.എ.എസ്. നഖ്വി, സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. മുഹമ്മദ് നസീം, യു.ടി.എസ്.സി പ്രതിനിധി ഷര്‍സിന റാഫി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.