ഇന്ധനവില പുതുക്കി നിശ്ചയിച്ചു;  വിലയില്‍ നേരിയ കുറവ്‌

മസ്കത്ത്: ഒമാന്‍ സര്‍ക്കാര്‍ ഫെബ്രുവരിയിലെ എണ്ണവില നിശ്ചയിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില നിലവാരമനുസരിച്ചാണ് വില പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍വരും. പുതിയ നിരക്കില്‍ നേരിയ കുറവുണ്ട്. 
സൂപ്പര്‍ പെട്രോളിന് ലിറ്ററിന് ഏഴ് ബൈസയും റെഗുലര്‍ പെട്രോളിന് മൂന്നു ബൈസയും ഡീസലിന് 14 ബൈസയുമാണ് കുറഞ്ഞത്. എണ്ണ-പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ നാസര്‍ അല്‍ ഒൗഫിയാണ് പുതുക്കിയ നിരക്കുകള്‍ പ്രഖ്യപിച്ചത്. അടുത്ത മാസം മുതല്‍ സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 153 ബൈസ ഈടാക്കും. നിലവില്‍ ലിറ്ററിന് 160 ബൈസയാണ് ഈടാക്കുന്നത്. റഗുലര്‍ പെട്രോളിന് 137 ബൈസ ഈടാക്കും. 
നിലവില്‍ 140 ബൈസയാണ് വില. ഡീസലിന് ലിറ്റിറിന് 146 ബൈസയാണ് പുതിയ വില. നിലവില്‍ ലിറ്റിറിന് 160 ബൈസയാണ്. വിലയില്‍ നേരിയ കുറവുണ്ടായത് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരും. 17 വര്‍ഷത്തിനുശേഷം കഴിഞ്ഞമാസം 15 മുതലാണ് രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത്. 
രാജ്യം വന്‍ സാമ്പത്തിക കമ്മി നേരിടുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സബ്സിഡി അധികൃതര്‍ എടുത്തുകളഞ്ഞതോടെ 120 ബൈസയുണ്ടായിരുന്ന സൂപ്പര്‍ പെട്രോള്‍ വില 160 ആയി ഉയര്‍ന്നിരുന്നു. 114 ബൈസയുണ്ടായിരുന്ന റെഗുലര്‍ പെട്രോള്‍ വില 140 ബൈസയായും 146 ബൈസ ഉണ്ടായിരുന്ന ഡീസല്‍ 160 ബൈസയായും ഉയര്‍ന്നിരുന്നു. 
പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചതോടെ പല ഉല്‍പന്നങ്ങളുടെയും വില വര്‍ധിച്ചിരുന്നു. എന്നാല്‍ ഡീസല്‍ വില ഫെബ്രുവരിയില്‍ പഴയ വിലയിലേക്ക് തന്നെ തിരിച്ചുവരുന്നത് വ്യാപാരമേഖലക്ക് അനുഗ്രഹമാകും. ഭക്ഷ്യോല്‍പന്നങ്ങളടക്കമുള്ളവയുടെ ഗതാഗതം ട്രയ്ലറുകള്‍ വഴിയാണ്. 
ചരക്കുവാഹനങ്ങളില്‍ ഡീസലാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അതിനാല്‍ ഭക്ഷ്യ ഉല്‍പന്നങ്ങളടക്കമുള്ള എല്ലാത്തിന്‍െറയും വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ ഡീസല്‍ വിലക്കുറവ് സഹായിക്കും. 
എണ്ണവില വര്‍ധന നിലവില്‍വന്ന ഉടന്‍തന്നെ ഒമാനിലെ ടാക്സി ഡ്രൈവര്‍മാര്‍ യാത്രാ നിരക്കുകള്‍ വര്‍പ്പിച്ചിരുന്നു. ഒരു മാനദണ്ഡവുമില്ലാതെയാണ് ടാക്സി ഉടമകള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. സര്‍ക്കാര്‍ നിരക്കുകള്‍ നിശ്ചയിച്ചു കൊടുക്കാത്തതും യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നിരക്കുകള്‍ നിശ്ചയിക്കാത്തിതിനാല്‍ ടാക്സി ഉടമകള്‍ തോന്നിയ നിരക്കുകളാണ് നേരത്തെ മുതല്‍ ഈടാക്കിയിരുന്നത്. ഇത് ഒഴിവാക്കാന്‍ യാത്രക്കാര്‍ അധികവും വാഹനത്തില്‍ കയറുന്നതിന് മുമ്പ് നിരക്കും നിശ്ചയിച്ചാണ് യാത്ര ആരംഭിക്കുന്നത്. ഈമാസം 15ന് മുമ്പ് 100 ബൈസയാണ് യാത്രക്കാരില്‍ നിന്ന് മിനിമം നിരക്കായി ഈടാക്കിയിരുന്നത്. എന്നാല്‍ എണ്ണ വില വര്‍ധിച്ചതോടെ മിനിമം നിരക്ക് 200 ബൈസയായി ഉയര്‍ത്തി. 
ബാക്കി എല്ലാ പോയന്‍റുകളിലും നിരക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങളിലേക്ക് ഇരട്ടി നിരക്കുകള്‍ ഈടാക്കുന്നതായും യാത്രക്കാര്‍ പറയുന്നു. ടാക്സികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് താഴ്ന്ന വരുമാനക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. നിത്യവും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും. ടാക്സികള്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ പലരും ബസുകളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.