ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു ഡീസല്‍ വിലയില്‍ നേരിയ വര്‍ധന

മസ്കത്ത്: രാജ്യത്ത് അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ചുള്ള ജൂലൈയിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ല. സൂപ്പര്‍ ഗ്രേഡ് ലിറ്ററിന് 180 ബൈസ, റെഗുലര്‍ ഗ്രേഡ് 170 ബൈസ എന്ന നിരക്കില്‍ തുടരും. ഡീസല്‍ വിലയില്‍ ചെറിയ വര്‍ധനവുണ്ട്. 
നിലവിലെ 185 ബൈസ എന്നത് 188 ബൈസയായിട്ടാണ് ഉയരുകയെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ക്രൂഡോയില്‍  വില ഏതാണ്ട് കഴിഞ്ഞ മാസത്തെ അതേ നിലവാരത്തില്‍ നില്‍ക്കുന്നതിനാലാണ് ജൂലൈയില്‍ ഇന്ധനവില വര്‍ധിപ്പിക്കാതിരുന്നത്. സര്‍ക്കാര്‍ ഇന്ധനവിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവായിരുന്നു കഴിഞ്ഞ മാസത്തേത്. റെഗുലര്‍ പെട്രോള്‍ ലിറ്ററിന് 21 ബൈസയും സൂപ്പര്‍ പെട്രോളിനും ഡീസലിനും 19 ബൈസയും വീതമാണ് മേയ് മാസത്തെ വിലയെക്കാള്‍ ജൂണില്‍ വര്‍ധിച്ചത്. വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞ ജനുവരിയില്‍ ബാരലിന് 30 ഡോളര്‍ ആയിരുന്നു ക്രൂഡോയില്‍ വില. ഇത് ജൂണ്‍ ആദ്യം 50 ഡോളറിന് അടുത്തുവരെ ഉയര്‍ന്നിരുന്നു. ജനുവരിയില്‍ വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞശേഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പെട്രോള്‍ വിലയില്‍ ചെറിയ കുറവ് വരുത്തിയിരുന്നു. ഡീസല്‍ വില ഈ രണ്ട് മാസങ്ങളിലും തുല്യമായിരുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലാകട്ടെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. 
വിലയിലെ അന്തരം നിമിത്തം റെഗുലര്‍ പെട്രോളിന് ആവശ്യക്കാര്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യപാദത്തെ കണക്കനുസരിച്ച് റെഗുലര്‍ പെട്രോളിന് മൂന്നിരട്ടി ആവശ്യക്കാരാണുണ്ടായത്. റെഗുലര്‍ പെട്രോള്‍ ഉല്‍പാദനം ആവശ്യത്തിന് അനുസരിച്ച് വര്‍ധിപ്പിക്കാന്‍ എണ്ണ, പ്രകൃതി വാതക മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിനിടെ രാജ്യത്ത് പല പെട്രോള്‍ സ്റ്റേഷനുകളിലും ഗുണനിലവാരം കുറഞ്ഞ ഇന്ധനമാണ് നല്‍കുന്നതെന്ന് ഉപഭോക്താക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരാതി ഉന്നയിക്കുന്നുണ്ട്. 
വാഹനത്തിന്‍െറ ഇന്ധനക്ഷമത കുറഞ്ഞതായും സാങ്കേതിക തകരാറുകള്‍ ഉണ്ടാകുന്നതുമായാണ് പരാതികള്‍. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇടപെട്ട് ഇന്ധനത്തിന്‍െറ ഗുണനിലവാര പരിശോധന നടത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.