എണ്ണവിലയിടിവ്: പ്രതിസന്ധി മറികടക്കാന്‍  സത്വര നടപടികള്‍ അനിവാര്യം

മസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ വേഗത്തിലുള്ള പരിഹാര നടപടികള്‍ ആവശ്യമാണെന്ന് ശൂറാ കൗണ്‍സില്‍ അംഗം തൗഫീഖ് അല്‍ ലവാത്തി. നിലവില്‍ ഈ വിഷയത്തില്‍ മെല്ളെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശൂറാ കൗണ്‍സില്‍ പ്രത്യേക കമ്മിറ്റി തലവനായിരുന്ന അല്‍ ലവാത്തി പറഞ്ഞു. കമ്മിറ്റി കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്നത് ശൂറാ കൗണ്‍സില്‍ നീട്ടിവെച്ചതില്‍ പ്രതിഷേധിച്ച് അല്‍ ലവാത്തി കഴിഞ്ഞദിവസം കമ്മിറ്റിയിലെ നേതൃസ്ഥാനവും അംഗത്വവും ഒഴിഞ്ഞിരുന്നു. 12 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിച്ചത്. ഇതില്‍ പ്രവാസികളുടെ ജല, വൈദ്യുതി സബ്സിഡികള്‍ ഒഴിവാക്കണമെന്ന ഏഴാമത്തെ നിര്‍ദേശം വോട്ടിനിട്ടശേഷമാണ് ശൂറാ കൗണ്‍സില്‍ പിരിഞ്ഞത്. ബാക്കി നിര്‍ദേശങ്ങള്‍ നവംബറില്‍ ആരംഭിക്കുന്ന സെഷനില്‍ പരിഗണിക്കുമെന്നാണ് ശൂറാ കൗണ്‍സില്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹം ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞത്. സ്വദേശികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ഒഴികെയുള്ള എല്ലാ മേഖലകളിലെയും ജല, വൈദ്യുതി സബ്സിഡികള്‍ കുറക്കണമെന്നായിരുന്നു നിര്‍ദേശത്തിന്‍െറ കാതല്‍.  ഇതില്‍ വിദേശികളുടെ സബ്സിഡികള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. ഈ നിര്‍ദേശം 49നെതിരെ 51 വോട്ടിനാണ് ശൂറ തള്ളിയത്. ജല, വൈദ്യുതി സബ്സിഡിക്ക് ഒപ്പം പ്രവാസികളുടെ ഇന്ധന സബ്സിഡിയും പൂര്‍ണമായി ഒഴിവാക്കണമെന്ന് അല്‍ ലവാത്തി പറഞ്ഞു. എല്ലാവര്‍ക്കും സബ്സിഡി നേരിട്ടു നല്‍കുന്ന രീതി മാറ്റണം. സബ്സിഡി അര്‍ഹതപ്പെട്ടവരിലേക്ക് മാത്രം ചുരുക്കണം. പ്രതിമാസം 600 റിയാലില്‍ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നേരിട്ട് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ വിദേശജോലിക്കാരെ സബ്സിഡി പരിധിയില്‍നിന്ന് ഒഴിവാക്കല്‍ ആരംഭിച്ചിട്ടുണ്ട്.  സ്വദേശികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വിഷയമാണിത്. അതുകൊണ്ടുതന്നെ ഒട്ടും താമസമില്ലാതെ ഈ വിഷയം പരിഹരിക്കപ്പെടണം. വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ലയിപ്പിക്കണമെന്ന നിര്‍ദേശത്തിലും സര്‍ക്കാറാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും അല്‍ ലവാത്തി പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.