റെഗുലര്‍ പെട്രോള്‍ ഉല്‍പാദനത്തില്‍  175 ശതമാനത്തിന്‍െറ വര്‍ധന

മസ്കത്ത്: വര്‍ഷത്തിന്‍െറ ആദ്യപകുതിയില്‍ റെഗുലര്‍ പെട്രോളിന്‍െറ (എം 90) ഉല്‍പാദനത്തില്‍ 175 ശതമാനത്തിന്‍െറ വര്‍ധന. 
ജനുവരിയില്‍ നിയന്ത്രണം നീക്കിയതിന്‍െറ ഫലമായി ഇന്ധന വിലയില്‍ 50 ശതമാനത്തിലേറെ വര്‍ധനവുണ്ടായതും റെഗുലര്‍, സൂപ്പര്‍ ഗ്രേഡുകള്‍ തമ്മില്‍ വിലയിലുള്ള അന്തരം നിമിത്തവും വാഹനയുടമകള്‍ റെഗുലര്‍ ഗ്രേഡ് പെട്രോളിലേക്ക് തിരിഞ്ഞതാണ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികളെ പ്രേരിപ്പിച്ചത്. 
ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് ജൂണ്‍ അവസാനം വരെ 3.28 ദശലക്ഷം ബാരല്‍ റെഗുലര്‍ പെട്രോളാണ് ഒമാനില്‍ ഉല്‍പാദിപ്പിച്ചത്. കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ 1.14 ദശലക്ഷം ബാരലായിരുന്നു ഉല്‍പാദനം. സൂപ്പര്‍ പെട്രോളിന്‍െറ ഉല്‍പാദനത്തിലാകട്ടെ 21 ശതമാനത്തിന്‍െറ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം 11.38 ദശലക്ഷം ബാരല്‍ ആയിരുന്നത് ഇക്കുറി 8.95 ദശലക്ഷം ബാരല്‍ ആയാണ് താഴ്ന്നത്. വിലനിയന്ത്രണം നീക്കുന്നതിനുമുമ്പ് 90 ശതമാനത്തോളമായിരുന്നു സൂപ്പര്‍ പെട്രോളിന്‍െറ ഉപഭോഗം. ക്രൂഡോയില്‍ ഉല്‍പാദനത്തിലും കയറ്റുമതിയിലും വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉല്‍പാദനം കഴിഞ്ഞവര്‍ഷത്തെ 175.67  ദശലക്ഷം ബാരലില്‍നിന്ന് 3.6 ശതമാനം വര്‍ധിച്ച് 182.05 ദശലക്ഷം ബാരലായി. 
പ്രതിദിന ഉല്‍പാദനമാകട്ടെ ആദ്യമായി പത്തു ലക്ഷം ബാരല്‍ കടക്കുകയും ചെയ്തു. കയറ്റുമതിയിലും ആനുപാതികമായ വര്‍ധന ഉണ്ടായിട്ടുണ്ട്. 6.3 ശതമാനത്തിന്‍െറ വര്‍ധനവോടെ 164.57 ദശലക്ഷം ബാരല്‍ എണ്ണയാണ് ആറുമാസ കാലയളവില്‍ കയറ്റുമതി ചെയ്തത്. 
വിദേശ വിപണിയിലെ ഒമാന്‍ ക്രൂഡിന്‍െറ വിലയില്‍ ശരാശരി 40.9 ശതമാനത്തിന്‍െറ ഇടിവാണ് ഇക്കാലത്ത് ഉണ്ടായത്. കഴിഞ്ഞവര്‍ഷം 59.3 ഡോളര്‍ ആയിരുന്നത് ജൂണ്‍ അവസാനം 35 ഡോളര്‍ ആയാണ് കുറഞ്ഞത്. വിലയിടിവിന്‍െറ ഫലമായി എണ്ണയില്‍നിന്നുള്ള വരുമാനം 44.7 ശതമാനം കുറഞ്ഞ് 1,287.1 ദശലക്ഷം റിയാലായി. 1.7 ശതമാനത്തിന്‍െറ ചെറിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ചൈന തന്നെയാണ് ഒമാനി ക്രൂഡിന്‍െറ ഏറ്റവും വലിയ ഉപഭോക്താക്കള്‍. 
മൊത്തം കയറ്റുമതിയുടെ 73.03 ശതമാനം അഥവാ 120.18 ദശലക്ഷം ബാരലാണ് ചൈനയിലേക്ക് കയറ്റിയയച്ചത്. തായ്വാന്‍, അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളില്‍. 
പ്രകൃതിവാതക ഉല്‍പാദനം 7.4 ശതമാനം വര്‍ധിച്ച് 20,463 ദശലക്ഷം ക്യുബിക് മീറ്ററായി. പ്രകൃതിവാതകത്തില്‍ 11,643 ദശലക്ഷം ക്യുബിക് മീറ്ററും എണ്ണമേഖലയടക്കം വന്‍കിട വ്യവസായങ്ങള്‍ക്കായി വിനിയോഗിച്ചതായും കണക്കുകള്‍ പറയുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.