ഓര്‍മയിലെ ആസ്ട്രേലിയന്‍ നോമ്പുതുറ

രണ്ടു വര്‍ഷത്തെ ആസ്ട്രേലിയന്‍ ജീവിതത്തിലെ മറക്കാനാകാത്തതും ഇടയ്ക്ക് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതുമായ ഒരേ ഒരു കാര്യം അവിടത്തെ റമദാന്‍ മാസവും ഇഫ്താറുകളും തന്നെയാണ്.  അന്നം തേടിയുള്ള പ്രവാസിയാത്രയില്‍ പല നാടുകളില്‍ ജീവിക്കുകയും അവരുടെ കൂടെ ആഘോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേര്‍ന്നിട്ടുമുണ്ട്. സൗദിയായാലും എമിറേറ്റ്സായാലും സുല്‍ത്താനേറ്റായാലും റമദാനും ഇഫ്താറുമൊക്കെ ഏറക്കുറെ ഒരുപോലെയായിരിക്കും. ഇതില്‍ നിന്നൊക്കെ തീര്‍ത്തും ഭിന്നമായിരുന്നു സിഡ്നിയിലെ നോമ്പുകാലം. താരതമ്യേന മുസ്ലിംകള്‍ കുറവായിരുന്നെങ്കിലും ഉള്ളവരുടെ ആവേശവും ആഹ്ളാദവും ഒന്നുവേറെതന്നെയാണ്. ഗള്‍ഫ് നാടുകളില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ കൂടുതലായും ആഘോഷമാക്കുന്നത് ഒഴിവുദിവസമായ വെള്ളിയാഴ്ചയാണെങ്കില്‍ ക്രിസ്ത്യന്‍ രാഷ്ട്രമായ ആസ്ട്രേലിയയില്‍ അധികവും ഞായറാഴ്ചയാണ് പാര്‍ട്ടികള്‍ നടക്കുന്നത്.  

ന്യൂ സൗത്വേല്‍സിലുള്ള  ജുമാമസ്ജിദിലായിരുന്നു ഇഫ്താറിന് പങ്കെടുത്തിരുന്നത്. ഇന്തോനേഷ്യന്‍ വംശജര്‍ക്കാണ് പള്ളിയുടെ ഭരണ നേതൃത്വമെങ്കിലും നോമ്പുതുറക്കാനും ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കാനും എല്ലാ രാജ്യക്കാരും ഉണ്ടാകും.  വ്യത്യസ്ത രാജ്യക്കാര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ ബഫേ മോഡലിലാകും ക്രമീകരിച്ചിരുന്നത്. തായ് സുഷി മുതല്‍ ഇന്തോനേഷ്യന്‍ നൂല്‍പുട്ടും കേരള സ്റ്റൈല്‍ പഴംപൊരിയും വരെ പേരറിഞ്ഞതും അറിയാത്തതുമായ ഒരുപാട് വിഭവങ്ങള്‍. ഇവയ്ക്കുപുറമെ പല തരത്തിലുള്ള ഫ്രഷ് കേക്കുകള്‍, ഫ്രൂട്ട്സലാഡുകള്‍, ഐസ്ക്രീമുകള്‍... എന്‍െറ റൂംമേറ്റുമാരായ ഷറഫുദ്ദീന്‍, റഫീഖ് നീലേശ്വരം തുടങ്ങിയവര്‍ റൂമില്‍നിന്നും ഉണ്ടാക്കിയ ദം ബിരിയാണി വരെ... എണ്ണിയാലും കഴിച്ചാലും തീരാത്ത രുചിക്കൂട്ടുകള്‍.

 സിഡ്നിയില്‍ അറബ് വംശജര്‍ (ഇറാഖ്, ഇറാന്‍, ഫലസ്തീന്‍ ) തിങ്ങിപ്പാര്‍ക്കുന്ന സ്ട്രീറ്റാണ് ഓബണ്‍. അവിടെ എത്തിപ്പെട്ടാല്‍ ഏതെങ്കിലും അറബ് രാജ്യത്ത് എത്തിയ പ്രതീതിയാകും അനുഭവപ്പെടുക. ഷവര്‍മയും ഗ്രില്‍ ചിക്കനും മന്തിയുമെല്ലാമടങ്ങുന്ന അറേബ്യന്‍ ഭക്ഷണവിഭവങ്ങളും ലഭിക്കുന്ന സ്ട്രീറ്റാണത്.
അവിടെ ജുമാമസ്ജിദ് (ഗല്ലിപോളി) തുര്‍ക്കി വംശജരാണ് നിയന്ത്രിക്കുന്നത്. ഏതായാലും ‘മള്‍ട്ടി നേഷന്‍’ നോമ്പുതുറതന്നെയായിരുന്നു അവിടത്തെ റമദാന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.