ആവേശം തെല്ലും കുറയുന്നില്ല

മസ്കത്ത്: കേരളം പോളിങ് ബൂത്തിലത്തൊന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഒമാനിലെ പ്രവാസികളും ആവേശത്തിലാണ്. സംഘടനാ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷകസംഘടനകള്‍ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. അബ്ദുറഹ്മാന്‍ രണ്ടത്താണിയൊഴികെ സ്ഥാനാര്‍ഥികള്‍ ആരും എത്തിയിട്ടില്ളെങ്കിലും വോട്ട് തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താന്‍ എല്ലാം ചെയ്തിട്ടുണ്ടെന്ന് സംഘടനാ പ്രതിനിധികള്‍ പറയുന്നു. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടന്നത്. നാല് കണ്‍വെന്‍ഷനുകളില്‍ ഒന്നില്‍ താനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണി പങ്കെടുത്തു. നവമാധ്യമങ്ങളിലൂടെ പ്രത്യേകിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് കാര്യമായ പ്രചാരണം നടന്നത്. ജില്ലാതല തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപവത്കരിച്ചാണ് കെ.എം.സി.സി പ്രവര്‍ത്തനം. ശക്തമായ മല്‍സരം നടക്കുന്ന  അഴീക്കോട്, മഞ്ചേശ്വരം, മണ്ണാര്‍ക്കാട്, കൊടുവള്ളി എന്നിവിടങ്ങളിലെ പ്രചരണത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഈ മണ്ഡലങ്ങളില്‍ മസ്കത്ത് കെ.എം.സി.സിയുടെ ‘പാട്ടുവണ്ടി’ പ്രചാരണ വാഹനം പര്യടനം നടത്തി. കൊട്ടിക്കലാശത്തിന്‍െറ മത്ര,റൂവി,മുസന്ന ഏരിയകളിലെ പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി മലയാളികളുടെ താമസ കേന്ദ്രങ്ങള്‍ കയറിയിറങ്ങി യു.ഡി.എഫിന് വോട്ട് അഭ്യര്‍ഥിച്ച് നാട്ടിലേക്ക് ടെലിഫോണ്‍ വിളിപ്പിച്ചു. അഴീക്കോട് മണ്ഡലത്തിലെ നൂറോളം പ്രവര്‍ത്തകര്‍ ഇതിനകം നാട്ടിലത്തെിയിട്ടുണ്ട്. കൂടുതല്‍ പ്രവര്‍ത്തകര്‍ ഇന്നും നാട്ടിലേക്ക് തിരിക്കും. ഒ.ഐ.സി.സി പ്രവര്‍ത്തകരും ഇടതുമുന്നണി, എന്‍.ഡി.എ, വെല്‍ഫെയര്‍ പാര്‍ട്ടി അനുഭാവികളും സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. തങ്ങളുടെ നേതാക്കളിലും പ്രവര്‍ത്തകരിലും അധികം പേരും അവസാനവട്ട പ്രചാരണത്തിലും വോട്ട് രേഖപ്പെടുത്തുന്നതിനും നാട്ടിലേക്ക് തിരിച്ചതായി ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍െറ അഴിമതിയും ബി.ജെ.പിയുടെ വര്‍ഗീയതയിലൂന്നിയ നയങ്ങളുമെല്ലാം സംബന്ധിച്ച നിലപാടുകള്‍ നവമാധ്യമങ്ങളിലൂടെ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായി ഇടതുമുന്നണി അനുഭാവികള്‍ പറയുന്നു. കേരളത്തില്‍ ഇക്കുറിയെങ്കിലും അക്കൗണ്ട് തുറക്കാമെന്ന് എന്‍.ഡി.എ അനുഭാവികള്‍ പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ജനകീയ മതേതര രാഷ്ട്രീയ ബദല്‍ എന്ന തങ്ങളുടെ ആശയം ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്വീകാര്യമാകുമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി അനുഭാവികളുടെ പ്രതീക്ഷ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.