സലാല: ദോഫാർ ഗവർണറേറ്റിന്റെ മുഖച്ഛായ മാറ്റിക്കൊണ്ട് വിവിധ മേഖലകളിലെ വൻ വികസന പദ്ധതികൾ. ഒമാനിലെ വിനോദസഞ്ചാരം, സാമ്പത്തിക രംഗം എന്നീ മേഖലകളുടെ പ്രധാന കേന്ദ്രമായി പ്രദേശത്തെ മാറ്റുന്നതാണ് പദ്ധതികൾ. അതിനിടെ പ്രദേശത്ത് ഖരീഫ് സീസണിൽ ഇത്തവണ എത്തിച്ചേർന്ന സന്ദർശകരുടെ എണ്ണം പത്ത് ശതമാനം വർധിച്ചിട്ടുമുണ്ട്.
ഇതോടെ ആദ്യമായി സന്ദർശകരുടെ എണ്ണം 10ലക്ഷം കടന്നതായും ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്സിൻ അൽ ഗസ്സാനി പറഞ്ഞു. ടൂർ ഓഫ് സലാല സൈക്കിൾ റേസ്, ദോഫാർ ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ, സിനിമാ ഫെസ്റ്റിവൽ, ദോഫാർ ഇന്റർനാഷനൽ കണ്ടംപററി ആർട്ട് എക്സിബിഷൻ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര പരിപാടികൾ സംഘടിപ്പിച്ച മുനിസിപ്പാലിറ്റിയുടെ നടപടികളും അദ്ദേഹം വിശദീകരിച്ചു.
അൽ ഹഫ ഏരിയ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതും അൽ ദഹാരിസ് പാർക്ക് വാട്ടർഫ്രണ്ട് പ്രോജക്ട് രൂപരേഖയുടെ അന്തിമ രൂപമായതും ദോഫാറിലെ ശ്രദ്ധേയമായ സമീപകാല വികസനങ്ങളിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ ഷാലിം-ഹല്ലാനിയത്ത് ദ്വീപുകൾ, സദ എന്നിവിടങ്ങളിലെ വാട്ടർഫ്രണ്ട് പദ്ധതികൾക്കായി ടെൻഡറുകൾ നൽകിയിട്ടുമുണ്ട്.
സലാലയിൽ എന്റർപ്രണ്യൂറിയൽ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള കൺസൾട്ടൻസി പഠനം പൂർത്തിയായിട്ടുമുണ്ട്. ധാൽകുത്തിലെ അൽ മസ്യൂന മേഖലയിൽ ഒരു വാണിജ്യ ജില്ലയുടെ വികസനം, റഖ്യൂത്തിലെ ശഹാബ് അസൈബ് പാർക്ക്, സലാലയിലെ ഔഖാദ് അൽ ഗർബിയയിൽ കടൽപ്പാത എന്നിവ ദോഫാറിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ ഉൾപ്പെടും.
സലാലയിലെ സുസ്ഥിര ടൂറിസം, വാണിജ്യ, വിനോദ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 470,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രസത്ത് ബൊളീവാർഡ് പദ്ധതിക്കായി ടെൻഡർ നൽകിയിട്ടുമുണ്ട്. അതോടൊപ്പം ദർബാത്ത് നടപ്പാത പദ്ധതിയും പുരോഗമിക്കുകയാണ്.
നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് അൽ മുഗ്സൈൽ പാലം. മൊത്തം രണ്ട് കി.മീ നീളവുമുള്ള പദ്ധതിക്ക് 90ലക്ഷം റിയാലിലധികം ചെലവ് കണക്കാക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകാൻ 22 മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 33 കിലോമീറ്റർ ദൂരത്തിൽ 3.4കോടി െചലവിൽ നടപ്പാക്കുന്ന റെയ്സുത്-അൽ മുഗ്സൈൽ റോഡ് ഇരട്ടിപ്പിക്കൽ പദ്ധതി 30 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റൊരു സുപ്രധാന പദ്ധതിയായ സൈഹ് അൽ ഖൈറത്ത്-അൽ ഷിസ്ർ റോഡ്, 44 കിലോമീറ്റർ നീളവും 30 ലക്ഷം റിയാൽ ചെലവുമുള്ള പദ്ധതിയാണ്. ഇത് 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. ആരോഗ്യ രംഗത്ത് ഗവർണറേറ്റിലുടനീളമുള്ള ഒമ്പത് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലുമായി ആരോഗ്യ മന്ത്രാലയം 16 കോടിയിലധികം നിക്ഷേപിക്കുന്നുണ്ട്.
സലാലയിലെ പുതിയ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമവണം, തുംറൈത്ത്, മക്ഷാൻ, തഖഹ് എന്നിവിടങ്ങളിൽ നിലവിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ നവീകരണം എന്നിവ പ്രധാന പദ്ധതികളിൽ ഉൾപ്പെടും. കൂടാതെ, തുംറൈത്തിലെ അവ്ഖാദ് ഹെൽത്ത് സെൻറർ, ഹല്ലാനിയത്ത് ഹെൽത്ത് സെന്റർ, മദി ഹെൽത്ത് സെൻറർ എന്നിവയുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്.
തെക്കൻ ഒമാനിൽ കാർഷിക ഉൽപാദനം വർധിപ്പിക്കാനും അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 'നജ്ദ് അഗ്രികൾച്ചറൽ സിറ്റി' പദ്ധതി ആരംഭക്കുന്നതോടെ നജ്ദ് മേഖലയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.