മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് ബുധനാഴ്ച ഒരു റിയാലിന് 218.55 രൂപ എന്ന സർവകാല റെക്കോഡിലെത്തി. ആയിരം രൂപക്ക് 4.575 റിയാൽ നൽകിയാൽ മതിയാവും. എന്നാൽ, വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇയിൽ ഒരു റിയാലിന് 219.19 രൂപ എന്ന നിരക്കാണ് കാണിക്കുന്നത്.
ഇതു കാരണം പ്രവാസികൾ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നതിനാൽ വിനിമയ സ്ഥാപനങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. വിനിമയ നിരക്ക് ഇത്ര ഉയർന്നിട്ടും വിനിമയ സ്ഥാപനങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. എന്നാൽ, ചൊവ്വാഴ്ച നല്ല തിരക്ക് അനുഭവപ്പെട്ടതായും ഇവർ പറഞ്ഞു.
ചൊവ്വാഴ്ച പല സ്ഥാപനങ്ങളും റിയാലിന് 218.30 രൂപ എന്ന നിരക്കാണ് നൽകിയിരുന്നത്. ഇതോടെ പണം കരുതിവെച്ചിരുന്ന നിരവധി പേർ വൻ സംഖ്യതന്നെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ബുധനാഴ്ച രാവിലെ മുതൽ ഉയർന്ന നിരക്കുകൾ നൽകാൻ തുടങ്ങിയിരുന്നു. രാവിലെ 218.35 നിരക്കുകൾ നൽകികൊണ്ടാണ് സ്ഥാപനങ്ങൾ ആരംഭിച്ചത്.
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വിനിമയ നിരക്ക് വർധിക്കാൻ കാരണം. ഒരു ഡോളറിന്റെ വില ബുധനാഴ്ചച 84.17 രൂപയിലെത്തി. ചൊവ്വാഴ്ച ഒരു ഡോളറിന്റെ വില 84.10 രൂപയായിരുന്നു. കുറേ ദിവസമായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയായിരുന്നു. ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കുത്തനെ ഇടിഞ്ഞിരുന്നു.
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻഡ്റ്റ്യഷനൽ ഇൻവെസ്റ്റേഴ്സ് നിക്ഷേപം വൻ തോതിൽ പിൻവലിച്ചതാണ് ഇന്ത്യൻ ഓഹരി വിപണിക്ക് വിനയായത്. ചൈനയിലാണ് ഇപ്പോൾ വിദേശ നിക്ഷേപകർ കണ്ണുവെക്കുന്നത്. ഒപെക് ഉത്പാദനം വർധിപ്പിക്കാത്തത് അടക്കമുള്ള കാരണങ്ങളാൽ എണ്ണ വില വർധിക്കുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വരാൻ പോവുന്നതാണ് വിനിമയ നിരക്ക് വർധിക്കാനുള്ള ഇപ്പോഴത്തെ പ്രധാന കാരണം. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതാണ് പ്രധാന കാരണം. ട്രംപ് അധികാരത്തിൽ വരുന്നതോടെ പലിശ നിരക്ക് വർധിക്കുമെന്നതടക്കമുള്ള പ്രതീക്ഷകൾ ഡോളർ ശക്തമാവാൻ കാരണമാക്കി.
ഇതിനെ ട്രംപ് ട്രേഡിങ് എന്നാണ് വിളിക്കുന്നത്. മറ്റു കറൻസികളെ അപേക്ഷിച്ച് ഡോളറിന്റെ മൂല്യം കണക്കാക്കുന്ന ഡോളർ ഇന്റക്സ് ഒറ്റ ദിവസം കൊണ്ട് 1.5 ശതമാനമാണ് കൂടിയത്. ഇതോടെ ഡോളർ ഇന്റക്സ് 104.9 പോയിന്റിലെത്തി. ഇതുകഴിഞ്ഞ നാല് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്നതാണ്.
ഡോളർ ശക്തി പ്രാപിച്ചതോടെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും മൂല്യം ഇടിഞ്ഞിട്ടുണ്ട്. എഷ്യൻ രാജ്യങ്ങളുടെ കറൻസിയിൽ 1.2 ശതമാനം തകർച്ചയാണുണ്ടായത്. എതായാലും ട്രംപ് അധികാരത്തിൽ എത്തുന്നതോടെ വിനിമയ നിരക്ക് ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. അതിനാൽ ഇനിയും ഉയർന്ന നിരക്ക് ലഭിക്കാനായി കാത്തിരിക്കുകയാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.