ഒമാന്‍ ദേശീയദിനാഘോഷത്തിന് ഒരുങ്ങുന്നു

മസ്കത്ത്: രാജ്യം 46ാമത് ദേശീയദിനാഘോഷത്തിനൊരുങ്ങുന്നു. രാജ്യം പുരോഗതിയിലേക്ക് കുതിച്ചുചാടിയതിന്‍െറ 46ാം വാര്‍ഷികം കൂടിയാണ് അത്യാഹ്ളാദത്തോടെ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ദേശീയദിനത്തെ വരവേല്‍ക്കുന്നതിന്‍െറ ഭാഗമായി നാടും നഗരവും അണിഞ്ഞൊരുങ്ങുന്നുണ്ട്. ദേശീയദിനാഘോഷത്തിന്‍െറ ഭാഗമായി പ്രധാന റോഡുകളില്‍ ദേശീയപതാക പാറിപ്പറക്കാന്‍ തുടങ്ങി. ഹൈവേകളില്‍ ത്രിവര്‍ണ പതാക പറക്കാന്‍ തുടങ്ങിയതോടെ ആഘോഷങ്ങളുടെ ആരവം ഉയരുന്നുണ്ട്. പ്രധാന ഹൈവേകളില്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ കണ്ണുതുറക്കാന്‍ തുടങ്ങിയിട്ടില്ല. അലങ്കാര വിളക്കുകള്‍ ബഹുവര്‍ണ പ്രഭകള്‍ വിതറാന്‍ തുടങ്ങുന്നതോടെ ദേശീയ ദിനത്തിന്‍െറ ഉത്സവ ലഹരി പടര്‍ന്ന് പൊങ്ങും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥതയുള്ളതും ആകര്‍ഷണീയവുമായ അലങ്കാര വിളക്കുകളാണ് ഈ വര്‍ഷം മസ്കത്ത് മേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്. നഗരങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ചെടികളും അലങ്കാര പൂക്കളും നേരത്തേതന്നെ വെച്ചുപിടിപ്പിച്ചിരുന്നു. 
ദേശീയദിനത്തിന്‍െറ ഭാഗമായ വാഹന അലങ്കാരങ്ങള്‍ ഇതുവരെ കാര്യമായി ആരംഭിച്ചിട്ടില്ല. ദശീയദിനത്തിന്‍െറ ഭാഗമായി പൊതുജനങ്ങള്‍ക്ക് വാഹനങ്ങള്‍ അലങ്കരിക്കാനുള്ള അംഗീകാരം കഴിഞ്ഞദിവസം റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയിരുന്നു. എന്നിട്ടും അലങ്കരിച്ച വാഹനങ്ങള്‍ റോഡില്‍ കാര്യമായി പ്രത്യക്ഷപ്പെട്ടില്ല. വാഹനങ്ങള്‍ അലങ്കരിക്കാനുള്ള കൊടികളും ഫോട്ടോകളും മറ്റ് സ്റ്റിക്കറുകളും കച്ചവടക്കാര്‍  സ്റ്റോക്ക് വെച്ചിരുന്നെങ്കിലും ഇതിന് കാര്യമായ ആവശ്യക്കാര്‍ എത്തിയിട്ടില്ല. ചെറിയ തോതില്‍ മാത്രമാണ് ബിസിനസെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൊടികളുടെയും മറ്റ് അലങ്കാരവസ്തുക്കളുടെയും കച്ചവടം ഇതുപോലെയാണ്. കഴിഞ്ഞവര്‍ഷത്തേതിന്‍െറ പത്തിലൊന്നുപോലും കച്ചവടമില്ളെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. മലയാളികളാണ് ഇത്തരം സാധനങ്ങള്‍ വിപണനം ചെയ്യുന്നവരില്‍ അധികവും. കഴിഞ്ഞവര്‍ഷം നേരത്തേ തന്നെ കച്ചവടം കൊഴുത്തിരുന്നു. അതിനാല്‍, ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്ല ലാഭമുണ്ടാക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷത്തെ അവസ്ഥയെന്താവുമെന്ന ആശങ്കയില്‍ കഴിയുകയാണ് വ്യാപാരികളും മൊത്ത വില്‍പനക്കാരും. എണ്ണ വില കുറഞ്ഞതുമൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി ഈ മേഖലയെയും ബാധിക്കുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍, വലിയ സ്റ്റോക്കുകള്‍ പലരും എത്തിച്ചിട്ടില്ല. സാഹചര്യങ്ങള്‍ നോക്കി സ്റ്റോക് എത്തിക്കാമെന്ന നിലപാടിലായിരുന്നു കച്ചവടക്കാര്‍.  സാധാരണ പ്രമുഖ കമ്പനികള്‍ തങ്ങളുടെ കെട്ടിടങ്ങ കെട്ടിടങ്ങളിലും മറ്റും അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതൊന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. പലരും സാമ്പത്തിക പ്രതിസന്ധി കാരണം പിന്മാറുകയാണെന്നാണ് സൂചന. ചെലവു ചുരുക്കുന്നതിന്‍െറ ഭാഗമായി ഇത്തരം കാഴ്ചകള്‍ ഇത്തവണ കുറയാനാണ് സാധ്യത. ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി വിവിധ പരിപാടിള്‍ സംഘടിപ്പിക്കുന്നുണ്ട്. ഉമര്‍ അല്‍ മഅ്മരിയുടെ ബൈക് പര്യടനം ഇതിന്‍െറ ഭാഗമാണ്. നവംബര്‍ ഒന്നിന് മസ്കത്തില്‍നിന്ന് അദ്ദേഹം സവാരി ആരംഭിച്ചു. 
മസ്കത്ത്, മസീറ, ഐന്‍ അല്‍ കസ്ഫ, അവിയാത്ത നജീം, സൊഹാര്‍, നിസ്വ, ബഹ്ല  എന്നിവിടങ്ങളിലൂടെ നടത്തുന്ന ബൈക് യാത്ര ദേശിയദിനത്തില്‍ അവസാനിക്കും. ദേശീയ ദിനത്തിന്‍െറ ഭാഗമായി ഭാവലയയുടെയും ഒമാന്‍ ഫൈനാര്‍ട്സ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍  23 സ്വദേശികളും 23 ഇന്ത്യക്കാരും പങ്കെടുത്ത ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.