ഇന്ത്യന്‍ സ്കൂള്‍ പ്രവേശനം: അപേക്ഷകള്‍ 5000 കവിഞ്ഞു

മസ്കത്ത്: തലസ്ഥാന മേഖലയിലെ സ്കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ ഒരാഴ്ച ബാക്കിയിരിക്കെ അപേക്ഷകരുടെ എണ്ണം അയ്യായിരം കവിഞ്ഞതായി ഡയറക്ടര്‍ ബോര്‍ഡ്. സ്കൂള്‍ ബോര്‍ഡ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം കാപിറ്റല്‍ മേഖലയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളിലായി 2846 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് നിലവിലുള്ള അവസ്ഥയില്‍ 2000 ത്തിലധികം കുട്ടികള്‍ക്ക് അധികമായി സീറ്റുകള്‍ കണ്ടെത്തേണ്ടിവരും. അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് പറഞ്ഞു. 
നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ അഡ്മിഷനാണ് ഈ വര്‍ഷം പ്രതീക്ഷിച്ചത്. എന്നാല്‍, ഒമാന്‍ സര്‍ക്കാര്‍ ചില സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടിയതും സി.ബി.എസ്.ഇ ഇന്‍റര്‍നാഷനല്‍ കരിക്കുലം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതുമാണ് അപേക്ഷകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. നിരവധി വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ സിലബസുള്ള സ്വകാര്യ സ്കൂളുകളില്‍ പഠിച്ചിരുന്നു. എന്നാല്‍, ഇവ അടച്ചു പൂട്ടിയതോടെ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ സ്കൂളുകളില്‍ പ്രവേശനം തേടുന്ന സാഹചര്യമാണുള്ളത്. 
കഴിഞ്ഞ അധ്യായന വര്‍ഷം 4500 കുട്ടികളാണ് അപേക്ഷ നല്‍കിയത്. ഇവര്‍ക്കെല്ലാം പ്രവേശനം നല്‍കുകയും ചെയ്തിരുന്നു. 2015 ല്‍ 5350 കുട്ടികള്‍ അഡ്മിഷനത്തെിയിരുന്നു. ഇവര്‍ക്കെല്ലാം പ്രവേശനം നല്‍കാനും ഡയറക്ടര്‍ ബോര്‍ഡിന് കഴിഞ്ഞിരുന്നു. 
പല സ്കൂളുകളിലും കൂടുതല്‍ ഡിവിഷനുകള്‍ ഉണ്ടാക്കിയും  ക്ളാസുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഉണ്ടാക്കിയുമാണ് അന്ന് പ്രശ്നം പരിഹരിച്ചത്. ചില സ്കൂളുകളില്‍ അന്ന് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചിരുന്നു.  ഈ വര്‍ഷവും എല്ലാ കുട്ടികള്‍ക്കും സീറ്റ് നല്‍കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും എന്നാല്‍ അപേക്ഷിച്ച സ്കൂളുകളില്‍ തന്നെ പ്രവേശനം ലഭിക്കണമെന്നില്ളെന്നും അദ്ദേഹം പറഞ്ഞു. 
നിലവില്‍ ഒഴിവുള്ള സീറ്റുകളില്‍ ഭൂരിഭാഗവും താഴ്ന്ന ക്ളാസുകളിലാണ്. കെ.ജി വണ്ണിലാണ് കൂടുതല്‍ സീറ്റുകള്‍. 1928  സീറ്റുകളാണ് ഈ വിഭാഗത്തിലുള്ളത്. നിലവിലെ കണക്കനുസരിച്ച് 918 സീറ്റകള്‍ മാത്രമാണ് കെ.ജി ടു മുതലുള്ള മുതിര്‍ന്ന ക്ളാസുകളിലുള്ളത്. 
സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടുന്നതോടെ മുതിര്‍ന്ന സ്കൂളുകളിലും അഡ്മിഷന്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബങ്ങളെ പലരും നാട്ടിലയക്കുന്നതിനാല്‍ മുതിര്‍ന്ന ക്ളാസുകളില്‍ ഒഴിവുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതുസംബന്ധമായ വ്യക്തമായ വിവരം ഏപ്രിലോടെ മാത്രമേ ലഭിക്കുകയുള്ളൂ. 
നിലവില്‍ വാദികബീര്‍ ഇന്ത്യന്‍ സ്കൂളിലാണ് ഏറ്റവും കൂടുതല്‍ സീറ്റൊഴിവുള്ളത്. നിലവിലുള്ള 925 സീറ്റില്‍ 725 ഉം ഉച്ചക്ക് ശേഷമുള്ളതാണ്.
 ദാര്‍സൈത്തിലെ 560 സീറ്റുകളില്‍ 410 എണ്ണമാണ് ഉച്ചക്ക് ശേഷമുള്ളത്. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലാകട്ടെ 445 സീറ്റുകളില്‍ 145 എണ്ണമാണ് ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിലുള്ളത്. എന്നാല്‍ അല്‍ ഗൂബ്ര, സീബ്, മബേല സ്കൂളുകളില്‍ ഉച്ചക്ക് ശേഷം ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം സീറ്റ് അനുവദിച്ചിരുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ അല്‍ ഗൂബ്ര ശാഖയും ഈ വര്‍ഷം ഒഴിവുകളുടെ പട്ടികയില്‍ വന്നിട്ടില്ല. 
മറ്റ് ഇന്ത്യന്‍ സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായത്തിലൂടെയും മറ്റും സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കിലും മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. 9000ത്തിലധികം വിദ്യാര്‍ഥികളാണ് ഐ.എസ്.എമ്മിലുള്ളത്. 
അതിനാല്‍, ഇനിയും ഇവിടെ വിദ്യര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയില്ല. അല്‍ അന്‍സാബ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മസ്കത്ത് സ്കൂളിലെ അംഗബലം കുറക്കാന്‍ കഴിയും. രണ്ടു വര്‍ഷത്തിനുള്ളില്‍ അല്‍ അന്‍സാബ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും. 
ഇതോടെ, 4000 കുട്ടികള്‍ക്ക് ഇവിടെ പഠിക്കാന്‍ കഴിയും. കൂടാതെഏ ബര്‍ക്കയിലും സഹമിലും പുതിയ സ്കൂളുകള്‍ ആരംഭിക്കാനും ഡയറക്ടര്‍ ബോര്‍ഡ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.