മസ്കത്ത്: കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 4,701 ആളുകൾക്ക് മഹാമാരി പിടിപെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 13പേർ മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 4,208 ആയി. വ്യാഴാഴ്ച 2064, വെള്ളി 1295, ശനി 1342 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ കോവിഡ് നിരക്ക്. കഴിഞ്ഞ 72 മണിക്കൂറിനിടെ 7,143പേർക്ക് അസുഖം ഭേദമാകുകയും ചെയതു. ഇതുവരെ 3,65,700 പേർക്കാണ് കോവിഡ് പിടിപെട്ടത്. 3,41,047പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 93.3 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 110രോഗികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 421 ആയി. ഇതിൽ 87പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
അതേസമയം, കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാകുന്നു എന്നുള്ള സൂചനയാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ നൽകുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പ്രതിദിന രോബാധിതരേക്കാൾ മുന്നിലാണ് മുക്തരാകുന്നവരുടെ എണ്ണം. 2800വരെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിടത്തുനിന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 1,500ൽ താഴെവരെയാണ് എത്തിയിരിക്കുന്നത്. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണ നിരക്കും ഉയർന്നുതന്നെ നിൽക്കുകയാണ്. രാജ്യത്ത് നിലവിൽ 20,445 പേരാണ് കോവിഡ് ബാധിതരായി കഴിയുന്നത്. ഈ മാസം ഇതുവരെ 62 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ജനുവരിയിൽ മുപ്പതും ഡിസംബറിൽ മൂന്നും നവംബറിൽ രണ്ടും ആളുകൾ മാത്രമായിരുന്നു മരിച്ചിരുന്നത്. കോവിഡ് വ്യാപന തോത് കുറഞ്ഞതോടെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ദിവസവും സുപ്രീംകമ്മിറ്റി ഇളവ് നൽകിയിരുന്നു.
ഇതോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ജുമുഅ നമസ്കാരം പുനരാരംഭിക്കുകയും ചെയ്തു. 70ശതമാനം ആളുകളെ പങ്കെുടുപ്പിച്ച് ഹോട്ടലുകളിലും ഹാളുകളിലും എക്സിബിഷനും പൊതുപരിപാടികളും മറ്റും നടത്താൻ അനുമതി നൽകയിട്ടുണ്ട്. അധികൃതർ നിർദേശിച്ച മുൻകരുതൽ നടപടികൾ പാലിച്ചായിരിക്കണം പരിപാടികൾ നടത്തേണ്ടത്. ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിൻ പ്രവർത്തനങ്ങളിലൂടെ മഹാമാരിയെ പിടിച്ചു കെട്ടാനാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക ക്യാമ്പൊരുക്കിയും മറ്റുമാണ് വാക്സിൻ നൽകിക്കൊണ്ടിരിക്കുന്നത്.
ലക്ഷ്യമിട്ട ഗ്രൂപ്പിലെ 95 ശതമാനത്തോളംപേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 31,91,912 ആളുകളാണ് ഒന്നാം ഡോസ് വാക്സിൻ എടുത്തിരിക്കുന്നത്. 29,76,872 ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തു. ടാർഗറ്റ് ഗ്രൂപ്പിന്റെ 89 ശതമാനം വരുമിത്. 5,07,440 ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.