അറേബ്യൻ ഗൾഫ് കപ്പ്: ഒമാൻ സെമിയിൽ; യു.എ.ഇയെ തളച്ചത് 1-1ന്

മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ ഒമാൻ സെമിയിൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യു.എ.ഇയെ 1-1ന് സമനിലയിൽ തളച്ചാണ് അവസാന നാലിൽ സ്ഥാനമുറപ്പിച്ചത്.

ആദ്യപകുതിയിൽ യു.എ.ഇക്കുവേണ്ടി യഹ്‍യ ഗസാനിയയും രണ്ടാം പകുതിയിൽ ഒമാനുവേണ്ടി അബ്ദുറഹ്മാൻ അൽമുശൈഫ്‍രിയുമാണ് വലകുലുക്കിയത്. സമനിലയിൽ നിൽക്കേ അവസാന മിനിറ്റിൽ യു.എ.ഇക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും, ഒമാൻ ഗോളി മുഖൈനിയുടെ തകർപ്പൻ സേവാണ് റെഡ്‍വാരിയേഴ്സിനെ സെമിയിലെത്തിച്ചത്. മൂന്ന് കളിയിൽ ഒരുജയവും രണ്ട് സമനിലയുമടക്കം അഞ്ച്പോയന്റുമായാണ് ഒമാന്റെ സെമി പ്രവേശനം. ഇരുകൂട്ടർക്കും തുല്യ ആധിപത്യമായിരുന്നു ആദ്യ പകുതിയിൽ.

പന്തടക്കത്തിൽ ഒരുപടി റെഡ്‍വാരിയേഴ്സ് മുന്നിട്ടുനിന്നെങ്കിലും അറ്റാക്കിങ്ങിൽ യു.എ.ഇ മികവ് പുലർത്തി. ഒമാൻ ഗോളി മുഖൈനിയുടെ സേവുകളാണ് ഗോളെന്നുറപ്പിച്ച യു.എ.ഇയുടെ പല ശ്രമങ്ങളും ഇല്ലാതാക്കിയത്. കൊണ്ടുംകൊടുത്തുമുള്ള പ്രകടനമായിരുന്നു ഇരു ടീമുകളും ആദ്യം മിനിറ്റുകളിൽ നടത്തിയത്. ഇടതു വലതു വിങ്ങുകളിലൂടെയുള്ള മന്നേറ്റത്തിൽ ഇരുഗോൾമുഖവും നിരന്തരം പരീക്ഷിച്ചെങ്കിലും വല മാത്രം കുലുങ്ങിയില്ല. ഒടുവിൽ 20ാം മിനിറ്റിൽ യഹ്‍യ ഗസാനിയിലൂടെ യു.എ.ഇ ലീഡെടുത്തു. ഗ്രൗണ്ടിന്റെ മാധ്യഭാഗത്തുനിന്ന് തന്ത്രപരമായ നീക്കത്തിലൂടെ മുന്നേറിയ യു.എ.ഇ താരങ്ങളുടെ നീക്കമാണ് ഗോളിൽ കലാശിച്ചത്.

ബോക്സിന് പുറത്തുനിന്ന് കിട്ടിയ ക്രോസ് ബാൾ വളരെ മനോഹരമായാണ് യഹ്‍യ ഗസാനി വലയിലെത്തിച്ചത്. ഗോൾ വീണതോടെ യു.എ.ഇ പ്രതിരോധത്തിലേക്ക് വലിയുമെന്നാണ് കരുതിയത്. എന്നാൽ, കളംനിറഞ്ഞ് കളിക്കുന്ന യു.എ.ഇയാണ് കണ്ടത്. സമനിലക്കായി ഒമാനും കിണഞ്ഞ് ശ്രമിച്ചെങ്കിലും എതിർ പ്രതിരോധത്തെ വകഞ്ഞ്മാറ്റി മുന്നേറാൻ ഒമാൻ താരങ്ങൾക്കായില്ല.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള വർധിത വീര്യവുമായായിരുന്നു കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾ ഇറങ്ങിയിരുന്നത്. മികച്ച മന്നേറ്റവും നിരന്തര ആക്രമവുമായി നിറഞ്ഞാടിയ ഒമാൻ താരങ്ങൾ ഇമാറാത്തി ഗോൾമുഖത്ത് ഭീതി വിതച്ചുകൊണ്ടേയിരുന്നു. ഏത് നിമിഷവും ഗോൾമടക്കുമെന്നായി. ഒടുവിൽ 79ാം മിനിറ്റിൽ അബ്ദുറഹ്മാൻ അൽമുശൈഫ്‍രിയുടെ ഗോളിലൂടെ ഒമാൻ സമനില പിടിക്കുകയായിരുന്നു. അധികസമയത്ത് യു.എ.ഇക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഒമാൻ ഗോളി മുഖൈനി വളരെ വിദഗ്ധമായി തടുത്തിടുകയായിരുന്നു

Tags:    
News Summary - Arabian Gulf Cup: Oman in semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.