മസ്കത്ത്: ഈ വർഷം ആദ്യപാതിയിൽ സലാല ഫ്രീ സോൺ അഞ്ച് പുതിയ ഉപഭോക്തൃ കരാറുകൾവഴി മൊത്തം 72.7 കോടി റിയാലിന്റെ നിക്ഷേപം ആകർഷിച്ചു. ഇതോടെ സലാല ഫ്രീ സോണിലെ മൊത്തം കരാറുകൾ 127 എണ്ണമാകുകയും മൊത്തം നിക്ഷേപത്തിന്റെ മൂല്യം 450 കോടി റിയാലാവുകയും ചെയ്തു.
വാഷിങ് പൗഡറും ഡിറ്റർജന്റുകളും ഉൽപാദിപ്പിക്കുന്ന ഫാക്ടറി, സ്റ്റീലും പൊതിയുന്ന പേപ്പറും നിർമിക്കുന്ന ഫാക്ടറി, യൂറിയ, അമോണിയ ഉൽപാദന പദ്ധതി, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കുള്ള തുണിത്തരങ്ങളും പ്ലാസ്റ്റിക് പാക്കേജിങ്ങും നിർമിക്കുന്നതിനുള്ള ഫാക്ടറി എന്നിവ ഈ വർഷത്തിന്റെ ആദ്യപകുതിയിലെ പുതിയ കരാറുകളിൽ ഉൾപ്പെടുമെന്ന് സലാല ഫ്രീ സോൺ കമ്പനി സി.ഇ.ഒ ഡോ. അലി ബിൻ മുഹമ്മദ് തബൂക്ക് പറഞ്ഞു. ‘പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപം ആകർഷിക്കുന്നതിൽ സലാല ഫ്രീ സോണിന്റെ വിജയത്തെയാണ് പുതിയ മുന്നേറ്റം സൂചിപ്പിക്കുന്നത്.
വലിയ ബ്ലോക്ക്ചെയിൻ ഡേറ്റ സെന്റർ നിർമിക്കാനായി അന്താരാഷ്ട്ര കമ്പനിയായ എക്ഹെർട്സുമായും ഫ്രീസോൺ കരാറിലെത്തിയത് സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുന്നതാണ്. സലാല ഫ്രീ സോണിന്റെ ആധുനിക സൗകര്യങ്ങളും ലോജിസ്റ്റിക്കൽ കഴിവുകളും മൂന്നാം തലമുറ ഇൻറർനെറ്റ് ടെക്നോളജി മേഖലയിലെ നിക്ഷേപങ്ങളെയും നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാങ്കേതികവിദ്യകളെയും സഹായിക്കുന്നതാണ്’ -ഡോ. തബൂക്ക് വ്യക്തമാക്കി. ദോഫാർ ഗവർണറേറ്റിലെ നല്ല കാലാവസ്ഥയും തണുപ്പ് ഉപയോഗിക്കാനുള്ള സാധ്യതയും പ്രയോജനപ്പെടുത്തുന്നതിനുപുറമെ, വലിയ തോതിലുള്ള സാങ്കേതിക പദ്ധതികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഊർജശൃംഖലയാണെന്നതും സലാല ഫ്രീ സോണിനെ ആകർഷണീയമാക്കുന്നുവെന്ന് സി.ഇ.ഒ ചൂണ്ടിക്കാട്ടി.
സലാല ഫ്രീസോൺ ഉയർന്ന നിലവാരമുള്ള വ്യാവസായിക, ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്കുള്ള രാജ്യത്തെ പ്രമുഖ കേന്ദ്രമാണ്. ഇത് നിക്ഷേപകർക്ക് നിരവധി സാമ്പത്തിക പ്രോത്സാഹനങ്ങളും സൗകര്യങ്ങളും നൽകുന്നു. നികുതി ഇളവുകൾ, നിക്ഷേപ പദ്ധതികളുടെ പൂർണ വിദേശ ഉടമസ്ഥതക്കുള്ള അവകാശം എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. സലാല തുറമുഖത്തോട് ചേർന്നുള്ള തന്ത്രപ്രധാന സ്ഥലം എന്നതും നിക്ഷേപകരെ ആകർഷിക്കുന്ന സുപ്രധാന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.