മസ്കത്ത്: ഏറ്റവും നീളം കൂടിയ ഖൂർആന്റെ കൈയെഴുത്ത് പ്രതിയിലൂടെ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി മുഹമ്മദ് ജസീമിന്റെ പ്രദർശനം ഒമാനിലെ വിവിധ വേദികളിൽ തുടരുന്നു. ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് ഗബ്രിയേലിന്റെ ഗിന്നസ് റെക്കോഡ് തകർത്താണ് മുഹമ്മദ് ജസീം ലോക റെക്കോഡ് സ്വന്തമാക്കിയത്. 1.106 മീറ്റർ നീളമുള്ള ഖുർആൻ കൈയെഴുത്തു പ്രതി മസ്കത്തടക്കമുള്ള ഒമാനിലെ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു. സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായെത്തുന്നത്. പെരിന്തൽമണ്ണയിലെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ജസീം ഇദുൽഫിത്ർ അവധിവരെ ഒമാനിലുണ്ടാകും.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് രണ്ടുവർഷത്തെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ജെഷീം ഖുർആൻ കൈയെഴുത്ത് പ്രതി പൂർത്തിയാക്കിയത്. മലപ്പുറം തിരൂർ ചെമ്പ്ര ദർസിൽ പഠിക്കുമ്പോൾ 12 വർഷത്തെ പഠനത്തിനിടയിലാണ് കാലിഗ്രഫി കല പ്രാവീണ്യം നേടിയത്. ഏകദേശം 2000 പേജുകളുള്ള 1,106 മീറ്ററുള്ള ഈ കൈയെഴുത്തുകോപ്പി 300 ജി.എസ്.എം ഐവറി കാർഡ് ഉപയോഗിച്ചാണ് എഴുതിയത്. 35 സെൻറിമീറ്റർ വീതിയും 118.3 കിലോ ഭാരവും 325,384 അറബിക് അക്ഷരങ്ങളും 77,437 അറബിക് വാക്കുകളും അടങ്ങുന്നതാണ് കൈയെഴുത്തുകോപ്പി. ഖുർആനിലെ 114 അധ്യായവും 6,348 വാക്യങ്ങളും അടങ്ങുന്ന ഓരോ ജൂസ്അ്(വിഭാഗം) ഏകദേശം 65-75 പേജുകളിലായാണ് ചെയ്തിരിക്കുന്നത്. ഓരോ പേജിലും 9-10 വരികൾ അടങ്ങിയിരിക്കുന്നു. കുട്ടിക്കാലം മുതൽ തന്നെ കാലിഗ്രാഫിയിൽ താൽപര്യം പ്രകടിപ്പിച്ച ജസീമിന് ജ്യേഷ്ഠൻ അയ്യൂബിന്റെ പെയിൻറിങ് ഏറെ സ്വാധീനം ചെലുത്തുകയുണ്ടായി.
ജസീമിന്റെ അധ്യാപകൻ സ്വലാഹുദ്ദീൻ ഫൈസി വെണ്ണിയൂർ, ഈ പരമ്പരാഗത ഇസ്ലാമിക കലാരൂപത്തിൽ തന്റെ ആദ്യ ചുവടുകൾ അടയാളപ്പെടുത്തി അറബിക് കാലിഗ്രഫിയിലേക്ക് അദ്ദേഹത്തെ നയിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡോ ഇസ്ലാമിക് ആർട്ട് ആൻഡ് കൾച്ചർ എന്ന സ്ഥാപനത്തിൽ ഖത്താത്ത് മുഖ്താർ അഹമ്മദിന്റെ കീഴിൽ കാലിഗ്രാഫിയിൽ തുടർ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.