സലാല: അബ്ദുല്ല അൽ അംറിയെന്ന ചെറുപ്പക്കാരൻ ഒമാന്റെ മനുഷ്യസ്നേഹഗാഥകളിൽ ഐതിഹാസികമായൊരേട് കുറിച്ചിരിക്കുന്നു. സാധാരണഗതിയിൽ എല്ലാവരും തലയിൽ കൈവെച്ച് സ്തംഭിച്ചുപോകുന്ന നിമിഷമാണത്. തൊട്ടുമുന്നിൽ ഒരു പിഞ്ചുകുട്ടി ചീറിപ്പാഞ്ഞുവരുന്ന കാറിന് മുന്നിലേക്ക് നടന്നടുക്കുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ അപകടം അവളുടെ ജീവനെടുക്കുന്നത് കാണേണ്ടിവരും.
എന്നാൽ അബ്ദുല്ല പകച്ചുനിന്നില്ല. സ്വന്തം ജീവൻ പണയംവെച്ച് ആ നാലു വയസ്സുകാരിയെ കോരിയെടുത്തു. അതിവേഗത്തിൽ വന്ന കാർ അയാളെയും കുഞ്ഞിനെയും ഇടിച്ചു തെറിപ്പിച്ചു കടന്നുപോയി. അബ്ദുല്ലക്ക് പിന്നീട് ബോധം തെളിയുന്നത് മണിക്കൂറുകൾ കഴിഞ്ഞ് ആശുപത്രിയിലാണ്.
തൊട്ടടുത്ത് കണ്ടയാളോട് ആദ്യം ചോദിച്ചത് കുഞ്ഞിനെ കുറിച്ച്. അതെ, കുഞ്ഞിന് വലിയ പരിക്കില്ല. അവൾ സുരക്ഷിതയായിരിക്കുന്നു എന്നത് അയാളുടെ കണ്ണുകൾ ഈറനണിയിച്ചു.
21 വയസ്സുകാരനായ അബ്ദുല്ല സ്വന്തം നാടായ സലാലയിൽ രാത്രി കൂട്ടുകാർക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് അപകട മുനമ്പിൽ കുഞ്ഞിനെ കണ്ടത്. ദോഫാർ സർവകലാശാലയിൽ ലോജിസ്റ്റിക്സ് ബിരുദ വിദ്യാർഥിയായ ഇദ്ദേഹം ഖരീഫ് സീസൺ ആസ്വദിക്കുക എന്ന ലക്ഷ്യവുമായാണ് പട്ടണത്തിലേക്കിറങ്ങിയത്.
ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിയെ ശ്രദ്ധിച്ചത്. എന്നാൽ, രക്ഷിതാക്കളുടെ ശ്രദ്ധമാറിയ നിമിഷത്തിൽ കുട്ടി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടെ സംഭവിച്ച അപകടത്തിൽ അബ്ദുല്ലക്ക് കാലിന് പൊട്ടലും ശരീരത്തിലാകമാനം മുറിവുകളുമുണ്ടായിട്ടുണ്ട്.
കുഞ്ഞിന് വലുതു കാലിൽ ചെറിയ പൊട്ട് മാത്രമാണ് സംഭവിച്ചത്. കുട്ടി നേരത്തെ തന്നെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. അബ്ദുല്ല ഇപ്പോഴും സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ തുടരുകയാണ്.
സംഭവം പുറത്തറിഞ്ഞതോടെ രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് അബ്ദുല്ലക്ക് അഭിനന്ദനപ്രവാഹമാണുണ്ടായത്. രാജ്യത്തിന്റെ മാനവികതയുടെ കൊടിയടയാളമായി പ്രവൃത്തിയെ നിരവധിപേർ സമൂഹ മാധ്യമങ്ങളിൽ വാഴ്ത്തി. ദോഫാർ സർവകലാശാല ബോർഡ് പ്രത്യേക അഭിനന്ദനം അറിയിക്കുക മാത്രമല്ല, സമ്മാനമായി ഭാവി പഠനത്തിന്റെ മുഴുവൻ ചെലവുകളും സൗജന്യമാക്കിയെന്ന് പ്രഖ്യാപിച്ചു.
അതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു. അപകടമുണ്ടാക്കി കടന്നുപോയ കാർ ഡ്രൈവർ പശ്ചാത്താപ മനസ്സുമായി മൂന്നു ദിവസത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, അയാൾക്കെതിരെ നടപടി വേണ്ടെന്ന് പറഞ്ഞ് അബ്ദുല്ല മാപ്പുനൽകി. റോഡിൽ അപകടമുണ്ടാകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് അയാളോടും എല്ലാ ഡ്രൈവർമാരോടും ആവശ്യപ്പെടുകയാണദ്ദേഹം ആശുപത്രിക്കിടയിൽനിന്ന് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.