മസ്കത്ത്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരാജ്ഞലികൾ അർപ്പിച്ച് ഒ.ഐ.സി.സി-ഇൻകാസ് അനുസ്മരണ യോഗം നടത്തി. ക്രാന്തദർശിയായ മുൻപ്രധാനമന്ത്രിയുടെ വിയോഗത്തിൽ അഗാധമായ അനുശോചനവും രേഖപ്പെടുത്തിയതോടൊപ്പം ഇന്ത്യൻ ഭരണത്തിലും സാമ്പത്തിക വികസനത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും യോഗം വിലയിരുത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായും പിന്നീട് ഇന്ത്യയുടെ ധനമന്ത്രിയും പ്രധാന മന്ത്രിയും ആയി സേവനമനുഷ്ഠിച്ച ലോകം അംഗീകരിച്ച സാമ്പത്തിക വിദഗ്ധൻ എന്ന നിലയിലുള്ള ഡോ. മൻമോഹൻ സിങ്ങിന്റെ പ്രവർത്തനങ്ങളെ അധ്യക്ഷൻ നിധീഷ് മണി എടുത്തുപറഞ്ഞു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ഡോ. സിങ്ങിന്റെ സാമ്പത്തിക നയങ്ങൾ നിർണായക പങ്ക് വഹിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഡോ. മൻമോഹൻ സിങ്ങിെൻറ ദീർഘവീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും കോൺഗ്രസ് പാർട്ടിയുടെ നയങ്ങളും കാരണമായെന്ന് ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് അനുസ്മരിച്ചു. ഗ്രാമീണ തൊഴിലന്വേഷകർക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന നാഴികക്കല്ലായ നയമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന് നൂറുദ്ദീൻ പയ്യന്നൂർ അനുസ്മരിച്ചു. ട്രഷറർ സതീഷ് പട്ടുവം നന്ദി പറഞ്ഞു. സജി എനാത്ത്, മോഹൻ കുമാർ, ഹംസ അത്തോളി, റാഫി ചക്കര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.