മസ്കത്ത്: നഗരങ്ങളെ പുളകമണിയിച്ച് നടന്ന ‘ടൂർ ഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന്റെ 13ാം പതിപ്പിന് ഉജ്ജ്വല സമാപനം. അഞ്ചു ദിവസങ്ങൾ നീണ്ട മത്സരങ്ങൾക്കൊടുവിൽ യു.എ.ഇ ടീമിനെ പ്രതിനിധാനം ചെയ്ത് ബ്രിട്ടീഷ് സൈക്ലിസ്റ്റ് ആദം യേറ്റ്സ് ഈ വർഷത്തെ കിരീടം സ്വന്തമാക്കി. 14 മണിക്കൂറും 22 മിനിറ്റും 30 സെക്കൻഡും എടുത്ത് അഞ്ച് കഠിനമായ ഘട്ടങ്ങളിലൂടെ 670.7 കിലോമീറ്റർ താണ്ടിയാണ് ഇദ്ദേഹം വിജയ പതക്കം അണിഞ്ഞത്. ലോക പ്രശസ്ത സൈക്കിൾ ഓട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരത്തിൽ പങ്കെടുത്തിരുന്നത്.
അഞ്ച് ദിവസങ്ങളിലായി 867 കിലോമീറ്ററായിരുന്നു മത്സരാർഥികൾ താണ്ടേണ്ടിയിരുന്നത്. എന്നാൽ, രാജ്യത്തെ പ്രതികൂല കാലാവസ്ഥ കാരണം സ്റ്റേജ് മൂന്നിലെയും നാലിലെയും ദൂരം വെട്ടിച്ചുരുക്കിയായിരുന്നു ഇത്തവണ മത്സരങ്ങൾ നടത്തിയത്. കനത്ത മഴയിലും വളരെ ആവേശത്തോടെയായിരുന്നു മത്സരാർഥികൾ പങ്കെടുത്തത്. മത്സരാർഥികൾ കടന്നുപോകുന്ന വഴികളിലൂടെയെല്ലാം അഭിവാദ്യമർപ്പിച്ച് നിരവധിപേരാണ് തടിച്ചുകൂടിയത്. രാജ്യത്തെ കായിക രംഗത്ത് പുത്തൻ ഏടുകൾ ചേർത്താണ് ടൂർ ഓഫ് ഒമാന്‍ തിരശ്ശീല വീഴുന്നത്. ആദ്യ നാലു ഘട്ടങ്ങളിൽ കലേബ് ഇവാൻ, ഫിൻ ഫിഷർ ബ്ലാക്ക്, പോൾ മാഗ്നീർ, ഫിൻ ഫിഷർ ബ്ലാക്ക് എന്നിവർ യഥാക്രമം വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.