മസ്കത്ത്: പ്രകൃതിസൗന്ദര്യത്തോടൊപ്പം മലകയറ്റവും ആസ്വദിക്കാൻ അവസരമൊരുക്കി ദാഖിലിയ ഗവർണറേറ്റിലെ അൽഹംറ വിലായത്തിലെ മിസ്ഫത്ത് അൽ അബ്രിയീൻ ഗ്രാമത്തിൽ 'ക്ലൈംബിങ് മതിൽ' തുറന്നു. കുട്ടികൾക്കും പ്രഫഷനലുകൾക്കും മറ്റുമായി മൂന്നു വ്യത്യസ്ത ട്രാക്കുകളുള്ള 'ക്ലൈംബിങ് മതിലാണ്' ഇവിടെ ഒരുക്കിയത്. വിദഗ്ധ കമ്പനിയാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള മിസ്ഫത്ത് അൽ അബ്രിയീൻ നഗരത്തിലെ ടൂർ ഗൈഡുമാരിൽ ഒരാളുമായ അബ്ദുറഹ്മാൻ അൽ അബ്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പരശീലനം പൂർത്തിയായ ആളുകളാണ് 'ക്ലൈംബിങ് മതിൽ' കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞദിവസങ്ങളിൽ കുട്ടികളടക്കമുള്ള പല സഞ്ചാരികളും ഇവിടെ എത്തി സാഹസികതയുടെ പുതിയ മേഖല ആസ്വദിച്ചു. വരുംദിവസങ്ങളിൽ ഇവിടങ്ങളിലേക്ക് കൂടുതൽ ആളുകൾ എത്തുമെന്നാണ് കരുതുന്നത്. വേണ്ട സുരക്ഷയും മുൻകരുതലുകളും ഒരുക്കിയിട്ടുള്ളതിനാൽ മലകയറ്റം ആസ്വാദ്യകരമാണെന്നാണ് പല യാത്രികരും പറയുന്നത്. വാദി അഡ്വഞ്ചേഴ്സ് കമ്പനിയുമായി സഹകരിച്ച് മേഖലയിലേക്ക് വിനോദസഞ്ചാരയാത്രകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
യുനൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ) ലോകത്തെ മികച്ച ടൂറിസം ഗ്രാമങ്ങളിലെ പട്ടികയിൽ മിസ്ഫത് അൽ അബ്രിയീനെ ഉൾപ്പെടുത്തിയിരുന്നു. മസ്കത്തില്‍നിന്ന് 230 കിലോമീറ്റര്‍ അകലെ നിസ്വയില്‍നിന്ന് 30 കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാല്‍ ഈ പച്ചപുതച്ച ഗ്രാമത്തിലെത്താം. ഓരോ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
പ്രകൃതിസ്നേഹികളെയും മറ്റും ആകർഷിക്കുന്ന അന്തരീക്ഷമാണ് മിസ്ഫത്തിനുള്ളത്. ഇത്തരത്തിലുള്ള വിദേശത്തുനിന്നും സുൽത്താനേറ്റിൽനിന്നുമായി നിരവധി സഞ്ചാരികളാണ് ഇവിടെ വരാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിസ്ഫത്ത് അൽ അബ്രിയീൻ നിവാസികൾ പട്ടണത്തിലെ പഴയ വീടുകളെല്ലാം പുനരുദ്ധരിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറ്റിക്കൊണ്ടിരിക്കുകയാണ്.
കൃഷിതന്നെയാണ് ഇവരുടെ പ്രധാന ജോലി. നാരങ്ങ, ഈത്തപ്പഴം, വാഴ എന്നിവയാണ് പ്രധാന കൃഷി ഇനങ്ങള്‍. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാന്‍ ഫലജുകളും മലകള്‍ക്കിടയിലൂടെ ഒഴുകുന്നു. മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഫലജ് വ്യാപിച്ചുകിടക്കുന്നത്. മിസ്ഫത്തിെൻറ ഹരിതഭംഗിക്കും പിന്നിലും ഫലജ് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.