മസ്കത്ത്: 20 വർഷത്തെ മിന്നുന്ന കരിയറിന് വിരാമമിട്ട് ഒമാന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റൻ ബൂട്ടഴിച്ചു. മധ്യനിരതാരമായ അഹ്മദ് മുബാറക് കാനു ആണ് കഴിഞ്ഞ ദിവസം വിരമിച്ചത്. എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. 180 മത്സരങ്ങളില്‍ ദേശീയ ടീമിനായി ജഴ്സിയണിഞ്ഞിട്ടുണ്ട്. ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ഒരാളാണ് കാനു.
കരിയറിലെ ആദ്യഘട്ടത്തിൽ ഒമാന്‍ ക്ലബുകൾക്കായി കളിച്ച താരം പിന്നീട് സൗദി, കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബുകൾക്കായി പന്തുതട്ടി. 2019 മുതല്‍ ഖത്തറിലെ അല്‍ മര്ഖി ക്ലബിന്റെ താരമായിരുന്ന അഹമദ് കാനു കഴിഞ്ഞ വര്‍ഷമാണ് വീണ്ടും സുവൈഖ് എഫ്.സിയിലേക്ക് മടങ്ങിയെത്തുന്നത്. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി ട്വിറ്റർ സന്ദേശത്തിൽ കാനു പറഞ്ഞു.
‘ഒമാൻ ഫുട്ബാളിനായി ഇരുപതു വർഷമാണ് ഞാൻ സേവിച്ചത്. ആ സമയത്തെല്ലാം മികച്ച പ്രകടനം നടത്താനാണ് ശ്രമിച്ചത്. ഈ കാലയളവിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു’ -കാനു പറഞ്ഞു. രാജ്യത്തിനുവേണ്ടി ആദ്യമത്സരത്തിനിറങ്ങുന്നത് 2003 സെപ്റ്റംബര്‍ 25ന് നേപ്പാളിനെതിരെയാണ്. 2009ലും 2018ലും ഒമാന്‍ ഗള്‍ഫ് കപ്പ് നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായും പ്രധാന താരമായും കാനു മിന്നിത്തിളങ്ങി. 23 ഗോളുകള്‍ ഒമാനുവേണ്ടി സ്കോര്‍ ചെയ്ത താരം മത്സരങ്ങളില്‍ ടീമിന്റെ പ്ലേമേക്കര്‍ റോളിലാണ് തിളങ്ങിയിരുന്നത്. പരിക്കിനെ തുടര്‍ന്ന് അടുത്തിടെ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്റെ ദേശീയ സ്ക്വാഡില്‍ ഇദ്ദേഹത്തിന് ഇടം ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.