മസ്കത്ത്: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെയും വിയോഗത്തിൽ മസ്കത്ത് കെ.എം. സി.സി കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഭരണ കർത്താവായും സാമ്പത്തിക വിദഗ് ധനായും ലഭിച്ച പദവികളോടെല്ലാം ആത്മാർഥത കാണിച്ച, എളിമയോടെ ജീവിതം നയിച്ച മഹാ പ്രതിഭാശാലിയായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗം രാജ്യത്തിന് തീരാ നഷ്ടമാണെന്ന് പ്രസിഡന്റ് അഹമ്മദ് റഹീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് പാർട്ടിയോട് പ്രത്യേകമമതയും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള അനുകമ്പയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രിയ പിതാവ് മന്ത്രിസ്ഥാനം അങ്കരിച്ച കാലത്തെ പ്രധാനമന്ത്രി എന്നതിലുപരി കുടുംബവുമായി ഏറെ അടുപ്പവും അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്ലിം ലീഗ് പാർട്ടിക്ക് ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗം ഏറെ വേദനാജനകമാണെന്നും അഹമദ് റഹീസ് സൂചിപ്പിച്ചു.
ചെറുകഥാകൃത്ത് നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.ടി. വാസുദേവൻ നായരുടേത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ എം.ടിക്ക് ചന്ദ്രിക ദിനപത്രത്തിൽ നിന്നുമാണ് ആദ്യമായി ശമ്പളം ലഭിച്ചിരുന്നത് എന്നത് എടുത്തുപറയുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് സയ്യിദ് എ.കെ.കെ തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാബേല സെവൻ ഡെയ്സ് റസ്റ്റാറന്റ് ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ മാസ്കത്ത് കെ.എം.സി.സി കേന്ദ്ര-ഏരിയ നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.