മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ റെഡ് വാരിയേഴ്സിന് സമനിലയോടെ തുടക്കം. ജാബിർ അൽ അഹ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കുവൈത്തും ഒമാനും ഓരോ ഗോൾ വീതം അടിച്ച് പിരിയുകയായിരുന്നു. ആദ്യപകുതിയിലായിരുന്നു ഇരു ഗോളുകളും. കുവൈത്തിനുവേണ്ടി യൂസുഫ് നസീറും സുൽത്താനേറ്റിനുവേണ്ടി 42ാം ഇസ്സാം അൽ സുബ്ഹിയുമാണ് വലകുലുക്കിയത്. മികച്ച വിജയം ലക്ഷ്യമാക്കി ഇറങ്ങിയ റെഡ്വാരിയേഴ്സിനെ ആദ്യം മുതലേ കത്രികപ്പൂട്ടിട്ട് പൂട്ടുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. പലപ്പോഴും പരുക്കൻ അടവുകൾ മത്സരത്തിന്റെ രസംകൊല്ലിയാവുകയും ചെയ്തു.
ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിൽ പന്ത് തട്ടാനിറങ്ങിയ കുവൈത്ത് ആദ്യ മിനിറ്റ് മുതൽ ഒമാൻ ഗോൾമുഖത്തേക്ക് ഇരച്ചുകയറി. എന്നാൽ, പല ഷോട്ടുകളും ഒമാന്റെ പ്രതിരോധമതിലിൽ തട്ടി അകന്നുപോകുകയായിരുന്നു. ഇതിനിടക്ക് പതിയെ കളിയിലേക്ക് തിരിച്ചുവന്ന ഒമാൻ കൗണ്ടർ അറ്റാക്കുകളിലൂടെയും മറ്റും കളംനിറഞ്ഞ് കളിച്ചു. 34ം മിനിറ്റിൽ ആയിരുന്നു കുവൈത്ത് ആഗ്രഹിച്ച ഗോൾ പിറന്നത്. ഗ്രൗണ്ടിന്റെ ഇടതുവിങ്ങിൽനിന്ന് നീട്ടിനൽകിയ പന്ത് യൂസുഫ് നസീർ മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. എന്നാൽ, കുവൈത്തിന്റെ സന്തോഷത്തിന് എട്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിൻനിരയും മുൻനിരയും നടത്തിയ ബുദ്ധിപരമായി നീക്കത്തിലൂടെ 42ാം മിനിറ്റിൽ ഇസ്സാം അൽ സുബ്ഹിയുടെ ഗോളിലൂടെ കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾ സമനില പിടിച്ചു. ജമീൽ അൽ യഹ്മാദിയുടെ വകയായിരുന്നു അസിസ്റ്റ്. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ അഹ്മദ് അൽ ഖമീസിയുടെയും പിന്നീട് സാഹിർ അൽ അഗ്ബാരിയുടെയും ഷോട്ടുകൾ ക്രോസ്ബാറിൽ തട്ടി അകന്നുപോകുകയായിരുന്നു.
ആദ്യ പകുതിയിൽ കുവൈത്തായിരുന്നു പന്ത് ഏറ്റവും കൂടുതൽ കൈവശം വെച്ചിരുന്നത്-52 ശതമാനം. എന്നാൽ, രണ്ടാം പകുതിയിൽ തികച്ചും വ്യത്യസ്തമായൊരു ഒമാനെയായിരുന്നു കളത്തിൽ കണ്ടിരുന്നത്. ഇടത് വലതും വിങ്ങുകളിലൂടെ ആക്രമണം ശക്തമാക്കിയ ഒമാൻ എതിർഗോൾമുഖത്ത് ഇടക്കിടെ ഭീതിവിതച്ചുകൊണ്ടേയിരുന്നു. പലതും നിർഭാഗ്യംകൊണ്ടായിരുന്നു ലക്ഷ്യം കാണാതെ പോയത്. ഒമാന്റെ അടുത്ത മത്സരം ഡിസംബർ 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെരെയും ആണ്. കളിയിൽ ഞങ്ങളുടെ ടീം വിജയം അർഹിച്ചിരുന്നുവെന്ന് മത്സരത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ഒമാൻ കോച്ച് ജാബിർ റഷീദ് പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ കളിക്കുക എന്നുള്ളത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടാം പകുതിയിൽ മികച്ച പ്രകടനമായിരുന്നു താരങ്ങൾ നടത്തിയത്. കളിക്കാരുടെ കഴിവിൽ വിശ്വാസമുണ്ടെന്നും ബാക്കിയുള്ള രണ്ട് മത്സരങ്ങളിലാണ് ഇനി ടീമിന്റെ ശ്രദ്ധയെന്നും കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.