മസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ചെത്തുന്ന മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കമാകും. ജനുവരി 21വരെ നീളുന്ന ഫെസ്റ്റിവലിൽ കലാപരിപാടികളും ഫ്ലവർഷോയും ഫുഡുമൊക്കെയായി ആഘോഷത്തിന്റെ പുത്തൻ ലോകമാണ് മസ്കത്ത് മുനിസിപ്പാലിറ്റി തുറന്നിടുന്നത്.
നസീം പാർക്ക്, വാദി അൽ ഖൗദ്, സീബ് ബീച്ച്- സുർ അൽ ഹദീദ്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഖുറം നാചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക് എന്നിങ്ങനെ ഒന്നിലധികം വേദികളിലാണ് ഇപ്രാവശ്യം ഫെസ്റ്റിവൽ നടക്കുന്നത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പരിപാടികളിലും വൈവിധ്യങ്ങളുണ്ട്. 700-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശനം ഒരുക്കുന്നുണ്ട്. ഖുറം നാച്ചുറൽ പാർക്കിൽ ഫ്ലവർ ഷോയും ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും. ഫുഡ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിലെ എംബസികൾ പ്രതിനിധീകരിക്കുന്ന പവലിയൻ തുടങ്ങി ചില ജനപ്രിയ പരിപാടികളുടെ തിരിച്ചുവരവ് ഉൾപ്പെടെ ഈ വർഷത്തെ ഫെസ്റ്റിവലിന് ചില പുതിയ സവിശേഷതകൾ ഉണ്ടാകും.
മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിൽ കോമിക് ബുക്കുകൾ, ഗെയിമുകൾ, സിനിമകൾ തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളുടെ പ്രദർശനങ്ങൾ ഉൾപ്പെടുത്തുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സിനിമ, സാഹിത്യം, ചലച്ചിത്ര നിർമ്മാണം എന്നീ മേഖലകളിൽനിന്നുള്ള ഒരു കൂട്ടം സെലിബ്രിറ്റികളും ഫെസ്റ്റിവലിന്റെ ഭാഗമാകും. ഗെയിമിങ് പ്ലാറ്റ്ഫോമുകൾ, ബോർഡ് ഗെയിമുകൾ, മത്സര റൗണ്ടുകൾ എന്നിവ ഉണ്ടാകും. ഡിജിറ്റൽ ആർട്ട് എക്സിബിഷനുകൾ, ലൈവ് ഡ്രോയിങുകൾ, കോമിക് ബുക്ക് സാഹിത്യത്തെയും വിവിധ ജനപ്രിയ സംസ്കാരങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസ പ്രഭാഷണങ്ങൾ എന്നിവയും ഇവന്റിൽ പ്രദർശിപ്പിക്കും. കുട്ടികൾക്ക് ആവേശം പകരാൻ വാർണർ ബ്രദേഴ്സ് കഥാപാത്രങ്ങൾ ഇപ്രാവശ്യം മേളയുടെ ഭാഗമായുണ്ടാകും. തത്സമയ പ്രകടനങ്ങളോടെ മുഴുവൻ കുടുംബങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഇവയുടെ അവതരണം.
ഭക്ഷണ പ്രേമികൾക്കായള്ള ഭക്ഷ്യമേള ഖുറം നാചുറൽ പാർക്കിൽ ആയിരിക്കുമെന്ന് മസ്കത്ത് മുനിസപ്പാലിറ്റി അറിയിച്ചു. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സിപ്ലൈനിങ്, മൗണ്ടൻ ബൈക്കിങ്, ഓഫ്-റോഡ് വെഹിക്കിൾ ചലഞ്ചുകൾ, ഹൈക്കിങ് ട്രയലുകൾ എന്നിവക്ക് വാദി അൽ ഖൗദ് വേദിയാകും.
ബീച്ച് ഫുട്ബാൾ, വോളിബാൾ, ഫയർ പെർഫോമൻസ് എന്നിവ അൽ ഹദീദ് ബീച്ചിൽ നടക്കും. കൂടാതെ, സാംസ്കാരിക കേന്ദ്രങ്ങളിൽ സാഹിത്യ സായാഹ്നങ്ങൾ, കലാ പ്രദർശനങ്ങൾ എന്നിവയും നടക്കും. ഏകദേശം പത്തുലക്ഷത്തോളം സന്ദർശകരെ ഫെസ്റ്റിവൽ ആകർഷിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ശൈത്യകാല ടൂറിസത്തിന് മസ്കത്ത് നൈറ്റ്സ് ഒരു മുതൽകൂട്ടാവുമെന്നും കരുതുന്നു. 1998ൽ ആരംഭിച്ച മസ്കത്ത് ഫെസ്റ്റിവൽ, സ്കൂൾ അവധിക്കാലത്ത് കുട്ടികൾക്ക് ആഘോഷമാക്കി മാറ്റാനുള്ള ഒരു ഇടമായിട്ടാണ് രൂപകൽപന ചെയ്തിരുന്നത്. എന്നാൽ, കാലക്രമേണ അത് എല്ലാ വിഭാഗങ്ങൾക്കും ആസ്വദിക്കാവുന്ന പരിപാടിയായി മാറുകയായിരുന്നു.
സെലിബ്രിറ്റികൾ, ഡ്രോൺ ഷോ
സിനിമ, സാഹിത്യം, ചലച്ചിത്ര നിർമാണം എന്നീ മേഖലകളിൽനിന്നുള്ള ഒരു കൂട്ടം സെലിബ്രിറ്റികൾ പരിപാടിയുടെ ഭാഗമാകും. സംവേദനാത്മക ഗെയിമിങ് പ്ലാറ്റ്ഫോമുകൾ, ബോർഡ് ഗെയിമുകൾ, മത്സര റൗണ്ടുകൾ എന്നിവ ഉണ്ടാകും. ഡിജിറ്റൽ ആർട്ട് എക്സിബിഷനുകൾ, ലൈവ് ഡ്രോയിങുകൾ, കോമിക് ബുക്ക് സാഹിത്യത്തെയും വിവിധ ജനപ്രിയ സംസ്കാരങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസ പ്രഭാഷണങ്ങൾ എന്നിവയും ഇവന്റിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഫെസ്റ്റിവൽ ദിവസങ്ങളിൽ ഖുറം നാച്ചുറൽ പാർക്കിൽ ഡ്രോൺ ഷോകളും പരിപാടികളും സംഘടിപ്പിക്കാൻ മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്. ആധുനികവും സമകാലികവുമായ സ്വഭാവമുള്ള ലൈറ്റ് ഷോകൾ അവതരിപ്പിക്കും. ഇതിനായി ഏറ്റവും നൂതനമായ ഉപകരണങ്ങൾ ആയിരിക്കും ഉപയോഗിക്കുക.
ആഗോള ഗ്രാമങ്ങൾ
മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിൽ രാജ്യങ്ങളുടെ വ്യത്യസ്ത സംസ്കാരങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിനായി സുൽത്താനേറ്റിലെ വിവിധ എംബസികൾക്കായി മസ്കത്ത് മുനിസിപ്പാലിറ്റിക്ക് പ്രത്യേക കോർണർ അനുവദിക്കും. ഓരോ രാജ്യത്തും ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് വ്യത്യസ്ത യൂനിറ്റുകൾ (കിയോസ്കുകൾ) ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.