മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിലെ ആദ്യ ജയം തേടി ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. കുവൈത്തിലെ ജാബിർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശക്തരായ ഖത്തറാണ് എതിരാളികൾ. ഒമാൻ സമയം വൈകീട്ട് 6.30നാണ് മത്സരം. ആദ്യമത്സരത്തിൽ ഇരു ടീമുകളും സമനില വഴങ്ങിയതിനാൽ ഇന്നത്തെ മത്സരം രണ്ട് കൂട്ടർക്കും നിർണായകമാണ്.
ഉദ്ഘാടന മത്സരത്തിൽ ഒമാൻ ആതിഥേയരായ കുവൈത്തിനോടും ഖത്തർ അയൽക്കാരായ യു.എ.ഇയോടുമാണ് 1-1 സമനിലയിൽ പിരിഞ്ഞത്. ആദ്യ മത്സരത്തിൽ മികച്ച വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ റെഡ്വാരിയേഴ്സിനെ ആദ്യ പകുതിയിൽ കുവൈത്ത് വരിഞ്ഞ് മുറുക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്. ഫിനിഷിങ്ങിലെ പാളിച്ചയും ഒപ്പം നിർഭാഗ്യവും ടീമിന് തിരിച്ച ടിയാകുകയായിരുന്നു. രണ്ടാം പകുതിയിൽ മികച്ച കളിയാണ് റെഡ്വാരിയേഴ്സ് കാഴ്ചവെച്ചത്.
അർഹിച്ച വിജയം നേടാൻ കഴിയാത്തതിലുള്ള വിഷമം മത്സരശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കോച്ച് റഷീദ് ജാബിർ പ്രകടിപ്പിക്കുകയും ചെയ്തു. ശക്തരായ എതിരാളികളാണെങ്കിലും തങ്ങളുടെ കഴിവിൽ വിശ്വസിച്ച് മത്സത്തെ നേരിടണമെന്നാണ് കോച്ച് ടീമംഗങ്ങൾക്ക് നൽകിയിരിക്കുന്നത്. ആദ്യമത്സരത്തിലെ ടീമിനെതന്നെ ഇന്നും നിലനിർത്താനണ് സാധ്യത. പുതുമുഖങ്ങൾക്കും അവസരം നൽകിയേക്കും. ടൂർണമെന്റിൽ മുന്നോട്ടുള്ള പോക്കിന് ഇന്ന് വിജയം അനിവാര്യമാണ്.
അതുകൊണ്ടുതന്നെ ചെറിയ അശ്രദ്ധക്കുപോലും വലിയ വില നൽകേണ്ടിവരും. ഇതു മനസ്സിലാക്കി വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കാനായിരിക്കും ഒമാൻ ഇന്ന് കളത്തിലിറങ്ങുക. കഴിഞ്ഞ കളിയിലെപോലെ മുന്നേറ്റനിര കരുത്ത്കാണിക്കുകയാണെങ്കിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ആരാധകരും കണക്കു കൂട്ടുന്നത്.
മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്നത്തെ മത്സരത്തെ അഭിമുഖീകരിക്കുന്നതെന്ന് ഒമാൻ കോച്ച് റഷീദ് ജാബിർ പറഞ്ഞു. ഇന്നത്തെ മത്സരം ഏറെ പ്രധാനമാണ്. മാനസിക സാന്നിധ്യവും വലിയ ശാരീരിക പരിശ്രവമും ആവശ്യമാണ്. അറ്റാക്കിങില്‍ മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണെന്നും കോച്ച് പറഞ്ഞു. ആദ്യ മത്സരത്തിന്റെ അധ്യായം കഴിഞ്ഞുവെന്നും ഇന്നത്തെ മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒമാൻ താരം അബ്ദുല്ല അല്‍ ഫവാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മികച്ച മത്സരം കാഴ്ചവെച്ച് വിലപ്പെട്ട മൂന്നുപോയന്റ സ്വന്തമാക്കാനായിരിക്കും ഞങ്ങൾ ശ്രമിക്കുകയെന്നും അദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.