മസ്കത്ത്: ചെറിയ ഇടവേളക്കുശേഷം ഒമാൻ ഫുട്ബാൾ ടീം വീണ്ടും കളത്തിലിറങ്ങുന്നു. ഏഷ്യ കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നാളെ മസ്കത്തില് ഫലസ്തീനുമായി ഏറ്റുമുട്ടും. 13ന് അമേരിക്കക്കെതിരെയും സൗഹൃദമത്സരം കളിക്കും. ഫലസ്തിനെതിരെയുള്ള മത്സരം ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ വൈകീട്ടാണ് നടക്കുക. ഫലസ്തീന് ടീമും മസ്കത്തിലെത്തിയിട്ടുണ്ട്. കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന് കീഴില്‍ ടീം രണ്ടുദിവസമായി പരിശീലനത്തിലാണ്. അടുത്തിടെ മികച്ച പ്രകടനമാണ് റെഡ് വാരിയേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.
സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് ചാമ്പ്യന്‍ഷിപ്പിൽ ഒമാന്‍ മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു. ലോകകപ്പ് ഏഷ്യന്‍ യോഗ്യത റൗണ്ട് രണ്ടിൽ ഒമാൻ ഗ്രൂപ് ഡിയിലാണ്. ഫിഫ റാങ്കിങ്ങില്‍ ഒമാനേക്കാള്‍ ഏറെ പിന്നിലുള്ള ടീമുകളാണ് ഗ്രൂപ്പിൽ ഇടം നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രാഥമിക റൗണ്ടിലെ പോരാട്ടങ്ങൾ അത്ര കഠിനമാകാൻ സാധ്യതയില്ല. മലേഷ്യ, കിര്ഗിസ്താന്, പ്രിലിമിനറി റൗണ്ട് കഴിഞ്ഞെത്തുന്ന മറ്റൊരു ടീം എന്നിവരുമായിട്ടായിരിക്കും ഒമാൻ ഏറ്റുമുട്ടുക. ഗ്രൂപ് ഡിയില്‍നിന്ന് ചാമ്പ്യന്മാരായിത്തന്നെ മൂന്നാം റൗണ്ടിൽ കടക്കാൻ സാധ്യതയുണ്ട്. രണ്ടാംറൗണ്ടില്‍നിന്ന് വിജയിച്ചെത്തുന്ന 18 ടീമുകളാണ് തുടര്‍ന്ന് ലോകകപ്പ് യോഗ്യതക്കായി ഏറ്റുമുട്ടുക.
ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാകും മത്സരം. ഗ്രൂപ്പുകളിലെ ആദ്യ സ്ഥാനക്കാര്‍ അടുത്തഘട്ടത്തിലേക്ക് മുന്നേറും. വരുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനാൽ ഏറെ പ്രതീക്ഷയാണ് ഒമാന്‍ നൽകുന്നത്.
യു.എസ് പോലുള്ള മികച്ച അന്താരാഷ്ട്ര ടീമുകൾക്കെതിരെ കളിക്കുന്നത് താരങ്ങൾക്ക് മികച്ച ടീമുകളുടെ ശൈലിയുമായി പൊരുത്തപ്പെടാനുള്ള അവസരമായിട്ടാണ് കോച്ച് ബ്രാങ്കോ ഇവാൻകോവിക് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.