മസ്കത്ത്: ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായ അവസാനത്തെ സൗഹൃദ മത്സരത്തിനായി ഒമാൻ ശനിയാഴ്ച ഇറങ്ങും. അബൂദാബിയിലെ അൽനഹ്യാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ യു.എ.ഇയാണ് എതിരാളികൾ. ഒമാൻ സമയം വൈകീട്ട് 7.15നാണ് മത്സരം. ഇന്നും മികച്ച പ്രകടനം കാഴ്ചവെച്ച് ഏഷ്യൻ കപ്പിനൊരുങ്ങാനായിരിക്കും റെഡ്വാരിയേഴ്സ് ശ്രമിക്കുക.
കഴിഞ്ഞ 20 വർഷത്തിനിടെ ഒമാനും യു.എ.ഇയും 12 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ അഞ്ചെണ്ണത്തിൽ യു.എ.ഇക്കൊപ്പമായിരുന്നു ജയം. മൂന്നെണ്ണം ഒമാൻ സ്വന്തമാക്കിയപ്പോൾ നാലു മത്സരം സമനിലയിലും കലാശിച്ചു. ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ മുന്നിലാണെങ്കിലും അടുത്തകാലത്തായി ഒമാൻ മികച്ച രീതിയിലാണ് പന്തു തട്ടുന്നത്. ഇതു കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ കുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായി നടന്ന ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലെ വിജയം ഒമാന്റെ ആത്മ വിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. അബൂദബിയിലെ ബനി യാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റെഡ് വാരിയേഴ്സ് തകർത്തത്. അലാവി (49), മുഹ്സിൻ അൽ ഗസ്സാനി (65) എന്നിവരാണ് സുൽത്താനേറ്റിന് വേണ്ടി വലകുലുക്കിയത്. ഇന്നും ഇവരടക്കമുള്ള മുൻ നിരക്കാരുടെ ബൂട്ടിലേക്കു തന്നെയായിരിക്കും കോച്ച് ഉറ്റു നോക്കുക. യു.എ.ഇയിൽ വിദേശ ക്യാമ്പിലാണ് നിലവിൽ റെഡ്വാരിയേഴ്സ്. കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ നേതൃത്വത്തിൽ ഊർജിത പരിശീലനമായിരുന്നു നടത്തിയിരുന്നത്. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് എ.എഫ്.സി ഏഷ്യൻ കപ്പ്. ഗ്രൂപ് എഫിൽ ഒമാന്റെ കൂടെ സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ്താൻ എന്നീ ടീമുകളാണുള്ളത്.
ഏഷ്യൻ കപ്പിനുള്ള ഒമാൻ ടീം അംഗങ്ങൾ. ഒമാൻ ഫുട്ബാൾ അസോസിയേഷൻ എക്സിൽ പങ്കുവെച്ച ചിത്രം
ഏഷ്യൻ കപ്പ്: ഒമാൻ ടീമിനെ പ്രഖ്യാപിച്ചു
മസ്കത്ത്: ഖത്തർ ഏഷ്യൻ കപ്പിനുള്ള ഒമാന്റെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നതക്കൊപ്പം പുതുരക്തങ്ങൾക്കും പ്രധാന്യം നൽകുന്നതാണ് ടീം. ഖത്തർ ഏഷ്യൻ കപ്പിനു മുന്നോടിയായി ഒമാനിലും യു.എ.ഇയിലുമായി നടന്ന ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയവർ ടീമിലിടം നേടിയിട്ടുണ്ട്. ഗോൾ കീപ്പർമാർ: ഫയാസ് അൽ റാഷിദി, അഹമ്മദ് അൽ റവാഹി, ഇബ്രാഹിം അൽ മുഖൈനി.
മുന്നേറ്റനിര: അബ്ദുൽ അസീസ് അൽ ഗൈലാനി, മഹമൂദ് അൽ മുഷൈഫ്രി, അഹമ്മദ് അൽ കാബി അലി അൽ ബുസൈദി, ജുമാ അൽ ഹബ്സി, ഗാനീം അൽ-ഹബാഷി, ഫഹ്മി ഡർബിൻ, അഹമ്മദ് അൽ-ഖാമിസി ഖാലിദ് അൽ ബ്രെക്കി. മധ്യനിര: സലാഹ് അൽ യഹ്യായ്, അർഷാദ് അൽ അലാവി, അബ്ദുല്ല ഫവാസ്, സഹർ അൽ-അഗ്ബ്രി, മെഹ്താസ് ഹബ്ദരി, ഹാരിബ് അൽ-സാദി, തമീം അൽ ബലൂഷി, മുസാബ് അൽ മമാരി. പ്രതിരോധം: അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി, എസ്സാം അൽ സോബി, ഉമർ അൽ-മാലികി, അബ്ദുല്ല അൽ മുഷ്റഫി, മുഹ്സിൻ ഹ്വസാനി, ജമീൽ അൽ-യഹ്മാദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.