മസ്കത്ത്: അന്താരാഷ്ട്ര ബ്രാന്റായ ‘മിനിവേഴ്സ്’ കളിപ്പാട്ടങ്ങളുടെ വിൽപന നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളുടെ പാവയായ മിനിവേഴ്സ് ആരോഗ്യ സുരക്ഷാ കാരണങ്ങളാലാണ് നിരോധിച്ചത്.
പാവയിൽ റെസിൽ രാസ ഘടകങ്ങൾ അടങ്ങിയതിനാൽ ചർമ പ്രശ്നങ്ങൾ, കണ്ണിൽ അസ്വസ്ഥത, മണക്കുകയോ തൊടുകയോ ചെയ്യുമ്പോൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് മിനിവേഴ്സ് ഉണ്ടാക്കുന്നത്. നിയമം ലംഘിച്ച് ഇവ വിൽക്കുന്നവർക്ക് 1,000 റിയാൽ പിഴയാണ് നൽകേണ്ടത്. ആവർത്തിച്ചാൽ പരമാവധി 2,000 റിയാൽവരെ പിഴ ലഭിക്കും.
മിനിവേഴ്സ് ഉൽപന്നങ്ങൾ സ്റ്റോറുകൾ മാറ്റാൻ നടപടിയെടുക്കാൻ എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. മിനിവേഴ്സ് പാവകൾ മാർക്കറ്റിൽനിന്ന് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ ഗവർണറേറ്റുകളിലും അധികൃതർ പരിേശാധന ശക്തമാക്കി. അമേരിക്കയിൽ 21 ദശലക്ഷം മിനിവേഴ്സ് പാവ സെറ്റുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.
കാലിഫോർണിയയിലെ പാവ നിർമാതക്കളായ എം.ജി.എ എന്റർടൈൻമെന്റാണ് പാവ വിപണിയിൽ ഇറക്കിയിരിക്കുന്നത്. പാവയിൽ അടങ്ങിയിരിക്കുന്ന റെസിന്റെ ദ്രവരൂപം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
അക്രിലേറ്റുകൾ അടങ്ങിയ റെസിൻസ് പാവകളിൽ ഉപയോഗിക്കുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ നിരോധം നിലവിലുണ്ടായിരുന്നു. റെസിൻ ദ്രവ രൂപത്തിൽനിന്ന് ഖര രൂപത്തിലേക്ക് മാറ്റിയാൽ അപകടകരമല്ലെന്നും റിപ്പോർട്ടിലുണ്ട്.
ഓരോ സെറ്റിലും പീനെട്ട് ബട്ടർ ജാർ, മാപ് സിറപ് കുപ്പി, പാൽ കണ്ടെയ്നർ എന്നിവയുടെ പ്രതിരൂപങ്ങളാണ് സെറ്റിലുള്ളത്. പാവകൾ ആമസോൺ അടക്കമുള്ള ഓൺലൈൻ മാർക്കറ്റുകൾ വഴിയും വിപണനം നടത്തിയിരുന്നു. 2022 ഒക്ടോബറിലാണ് ഇത് വിപണിയിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.