മസ്കത്ത്: പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധവും കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ച് ഒമാനും കുവൈത്തും. വിവിധ മേഖലകളിൽ ഒമ്പത് ധാരണപത്രങ്ങളും (എം.ഒ.യു) എക്സിക്യൂട്ടീവ് പ്രോഗ്രാമുകളും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്തിൽ നടന്ന കുവൈത്ത്-ഒമാൻ സംയുക്ത സമിതിയുടെ പത്താമത് യോഗത്തിലായിരുന്നു തീരുമാനം.
ടൂറിസം, സംസ്കാരം, കല, മുനിസിപ്പൽ ജോലി, കൃഷി, മത്സ്യബന്ധനം, ഉപഭോക്തൃ സംരക്ഷണം, ഭൂഗതാഗതം, ഇസ്ലാമിക് എൻഡോവ്മെൻറ് (ഔഖാഫ്) മേഖലകളിലാണ് ഒപ്പുവെച്ച കരാറുകളും ധാരണാപത്രങ്ങളും.
കുവൈത്ത് സിവിൽ സർവീസ് കമീഷനും (സി.എസ്.സി) ഒമാൻ തൊഴിൽ മന്ത്രാലയവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാർ, സമുദ്ര നാവിഗേഷൻ സംബന്ധിച്ച ധാരണാപത്രം എന്നിവ ഇതിൽ പ്രധാനമാണ്.
ഇതിന് പുറമെ എല്ലാ മേഖലകളിലും സഹകരണം വിപുലീകരിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലും യോഗം ഒപ്പുവച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ഇരുരാജ്യങ്ങളും തമ്മിൽ സാധ്യമായ എല്ലാ മേഖലകളിലും സഹകരണം നടപ്പാക്കൽ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവയും യോഗം ചർച്ചചെയ്തു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും ചരിത്രപരമായ രണ്ട് സന്ദർശനങ്ങൾ ദൃഢമായ ബന്ധത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടതായി സയ്യിദ് ബദർ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. രണ്ട് സന്ദർശനങ്ങളും സംയുക്ത താൽപര്യങ്ങൾ സേവിക്കുന്ന തന്ത്രപ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിന്റെ സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.