മസ്കത്ത്: വൈകല്യമുള്ള കുട്ടികളുടെ കൂട്ടായ്മ ജനുവരി 10 മുതൽ 13 വരെ മസ്കത്തിലെ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ ചാരിറ്റി കാർണിവൽ സംഘടിപ്പിക്കും.കാർണിവലിന്റെ ആറാംപതിപ്പ് ലുജൈന മുഹ്സിൻ ഹൈദർ ദാർവിഷ് ഉദ്ഘാടനം ചെയ്യും. നാലു ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയായിരിക്കും കാർണിവൽ. ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്നതിനു ഫണ്ട് ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
മൊത്തം 40 സംരംഭകർ കാർണിവലിൽ പങ്കെടുക്കുമെന്നും അസോസിയേഷന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർപേഴ്സൻ ഖദീജ ബിൻത് നാസർ അൽ സാത്തി പറഞ്ഞു. ഇലക്ട്രോണിക് ഗെയിമുകൾക്കും ഭക്ഷണ കോർണറുകൾക്കും പുറമെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം വിഭാഗങ്ങളും ഉണ്ടാകും.ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സ്ഥലവാടക ഫീസുൾപ്പെടെ കാർണിവലിൽനിന്നുള്ള വരുമാനം അസോസിയേഷനിലേക്കു നൽകും.
കുതിര, മോട്ടോർ സൈക്കിൾ സവാരി, ഫെയ്സ് പെയിന്റങ്, നാടകങ്ങൾ, വനിതാ തൊഴിലധിഷ്ഠിത വിദ്യാർത്ഥികളുടെ കരകൗശലവസ്തുക്കൾക്കായി പ്രത്യേക കോർണർ എന്നിവയും കാർണിവലിലുണ്ടാകും. സീബ്, ബർക, മുസന്ന, അസൈബ, ഖുറിയാത്ത്, ജഅലൻ ബാനി ബു ഹസൻ, ധങ്ക്, യാങ്കുൽ, സഹം എന്നി വിലായത്തുകളിൽ സ്ഥിതി ചെയ്യുന്ന ഒമ്പതു കേന്ദ്രങ്ങളിലൂടെ അഞ്ചു മുതൽ 14 വയസ്സു വരെ പ്രായമുള്ള 400 ഓളം കുട്ടികൾക്ക് നിലവിൽ അസോസിയേഷൻ സേവനം നൽകുന്നുണ്ട്.കാർണിവലിൽ പങ്കെടുക്കാനും ഭിന്നശേഷിയുള്ള കുട്ടികളെ പിന്തുണക്കാനും എല്ലാവരോടും അഭ്യാർഥിക്കുകയാണെന്ന് ഖദീജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.