മസ്കത്ത്: ഉച്ച വിശ്രമ നിയമം ലംഘിച്ച 251 കമ്പനികൾക്കെതിരെ ജൂണിൽ നടപടിയെടുത്തതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. 1003 കമ്പനികളുടെ തൊഴിലിടങ്ങളിലാണ് പരിശോധന നടത്തിയത്. 251 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തി. 752 കമ്പനികൾ നിയമം പാലിക്കുന്നതായി കണ്ടെത്തിയതായും മാനവ വിഭവശേഷി വകുപ്പ് പ്രതിമാസ റിപ്പോർട്ടിൽ അറിയിച്ചു. നിയമം ലംഘിച്ച കമ്പനികൾക്കെതിരെ കൈക്കൊണ്ട ശിക്ഷനടപടികൾ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എല്ലാ വർഷവും ജൂൺ ഒന്നുമുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതുപ്രകാരം തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്കും നിർമാണത്തൊഴിലാളികൾക്കും ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ ജോലിയിൽനിന്ന് വിശ്രമം നൽകണം.
ആഗസ്റ്റ് അവസാനംവരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്. വിശ്രമസമയത്ത് പണിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു. നിയമ ലംഘകർക്ക് 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു മാസംവരെ തടവും അല്ലെങ്കിൽ രണ്ടും കൂടിയുമുള്ള ശിക്ഷയാണ് ഒമാനി തൊഴിൽ നിയമത്തിെൻറ 118ാം ആർട്ടിക്കിൾ വ്യവസ്ഥചെയ്യുന്നത്. നിയമലംഘനം ആവർത്തിക്കുന്നപക്ഷം ശിക്ഷ ഇരട്ടിയാവുകയും ചെയ്യും. തൊഴിലാളികൾക്ക് ഉച്ചവിശ്രമത്തിന് സൗകര്യം ഒരുക്കണമെന്നതും ഉച്ച വിശ്രമനിയമത്തിെൻറ നിർദേശങ്ങളിൽ ഉൾപ്പെട്ടതാണ്. കഠിനമായ ചൂടിൽ നിർജലീകരണത്തിനുള്ള സാധ്യത മുൻനിർത്തി തൊഴിലിടങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും വേണം. സാേങ്കതിക കാരണങ്ങളാൽ വിശ്രമസമയത്ത് തുടരേണ്ട സ്വഭാവമുള്ള ജോലികളെ ഉച്ചവിശ്രമ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
താപനില ഒമാെൻറ വിവിധ ഭാഗങ്ങളിൽ 50 ഡിഗ്രിവരെ എത്തിയിട്ടുണ്ട്. രാജ്യത്തിെൻറ ഉൾപ്രദേശങ്ങളിലുള്ള തൊഴിലിടങ്ങളിലാണ് പൊതുവെ ഉച്ചവിശ്രമസമയത്തും തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന പ്രവണത കണ്ടുവരുന്നത്. കടുത്ത വെയിലിൽ ജോലിയെടുക്കുന്നത് സൂര്യാതപമടക്കം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള നിയമ ലംഘന പ്രവർത്തനങ്ങൾ തുടരുന്നതായാണ് മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.