മസ്കത്ത്: കഴിഞ്ഞ പത്തുദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 49പേർ. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിലാണ് ഇക്കാര്യമുള്ളത്. കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ആശുപത്രിവാസവും മരണനിരക്കും കുറവാണെന്നുള്ളത് ആശ്വാസം നൽകുന്ന കാര്യമായിരുന്നു. ജനുവരിയിൽ 30 പേരാണ് മരിച്ചത്. എന്നാൽ, ഡിസംബറിൽ മൂന്നും നവംബറിൽ രണ്ടും ആളുകൾ മാത്രമാണ് മരിച്ചിരുന്നത്. ജനുവരി 19മുതൽ കഴിഞ്ഞ ദിവസംവരെ ഒരു മരണമെങ്കിലും റിപ്പോർട്ട് ചെയ്യാതെ കടന്നുപോയിട്ടില്ല. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രതിവാര അവധി കഴിഞ്ഞുള്ള ജനുവരി ഏഴിനായിരുന്നു.
14 പേരാണ് അന്ന് മഹാമാരിമൂലം മരിച്ചത്. ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്തത് ഈമാസം, ഒന്നിനും ഒമ്പതിനുമായിരുന്നു. രണ്ടുവിതം മരണങ്ങളാണ് അന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം ഇതുവരെ 22,113 ആളുകൾക്കാണ് മഹാമാരി പിടിപ്പെട്ടത്. 18,752 ആളുകൾക്ക് അസുഖം ഭേദമാകുകയും ചെയ്തു. 22,893 ആളുകളാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. വ്യാഴാഴ്ച 1743 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2433 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. മാസങ്ങളുടെ ഇടവേളക്കുശേഷമാണ് പ്രതിദിന രോഗമുക്തിനിരക്ക് രോഗബാധിതരേക്കാൾ രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച ഏറ്റവും കൂടുതൽ രോഗമുക്തി നേടിയിരിക്കുന്നത് മസ്കത്ത് ഗവർണറേറ്റിലാണ്. 876 ആളുകൾക്കാണ് ഇവിടെ അസുഖം ഭേദമായിരിക്കുന്നത്. 285 ആളുകളുമായി അൽവുസ്ത ഗവർണറേറ്റാണ് രണ്ടാം സ്ഥനത്തുള്ളത്. വടക്കൻ ബാത്തിന 260, ദാഖിലിയ 247, തെക്കൻ ബാത്തിന 229, തെക്കൻ ശർഖിയ 125, ദാഹിറ, 115, ദോഫാർ 100, ബുറൈമി 100, വടക്കൻ ശർഖിയ ആറ്, മുസന്ദം 38 എന്നിങ്ങനെയാണ് കഴിഞ്ഞദിവസം അസുഖം ഭേദമായ മറ്റു ഗവർണറേറ്റുകളിലെ കണക്കുകൾ.
അതേ സമയം, കോവിഡ് വ്യാപന തോത് കുറഞ്ഞതോടെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കഴിഞ്ഞദിവസം സുപ്രീം കമ്മിറ്റി ഇളവ് നൽകി. ഇതോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ജുമുഅ നമസ്കാരം പുനരാരംഭിക്കുകയും ചെയ്തു. മസ്ജിദുകളിൽ അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചായിരുന്നു പ്രാർഥന നടത്തിയിരുന്നത്. കോവിഡിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. ഈയൊരു സാഹചര്യം മുന്നിൽ കണ്ടാണ് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി ജനുവരി 21ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത് ഫലം കണ്ടുവെന്നുവേണം കരുതാൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകളിൽ കുതിപ്പില്ല എന്നുമാത്രമല്ല പ്രതിദിന രോഗികളുടെ എണ്ണത്തിലും കുറവാണ് വന്നിട്ടുള്ളത്. 2800വരെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിടത്തുനിന്ന് കഴിഞ്ഞ ദിവസം 2000ത്തിൽ താഴെവരെയാണ് എത്തിയിരിക്കുന്നത്.
ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിൻ പ്രവർത്തനങ്ങളിലൂടെ മഹാമാരിയെ പിടിച്ചുകെട്ടാനാകുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്. ലക്ഷ്യമിട്ട ഗ്രൂപ്പിലെ 95 ശതമാനത്തോളംപേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചു. 31,91,912 ആളുകളാണ് ഒന്നാം ഡോസ് വാക്സിൻ എടുത്തിരിക്കുന്നത്. 29,76,872 ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തു. ടാർജറ്റ് ഗ്രൂപ്പിന്റെ 89 ശതമാനം വരുമിത്. 50,7,440 ആളുകൾക്കാണ് ബൂസ്റ്റർ ഡോസ് സ്വകരിക്കുകയും ചെയതു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിരന്തരം വൃത്തിയാക്കുക, മുഖം, മൂക്ക്, വായ, കണ്ണുകൾ എന്നിവ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുക, അത്യാവശ്യങ്ങൾക്ക് മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങുക തുടങ്ങിയ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.