മസ്കത്ത്: കോവിഡ് മഹാമാരി ഒമാനിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചതായി പൈതൃക-ടൂറിസം മന്ത്രി സാലിം അൽ മഹ്റൂഖി. രണ്ടാമത് വാർഷിക ശൂറ കൗൺസിലിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു വർഷം ടൂറിസത്തിലൂടെ ലഭിക്കേണ്ട വരുമാനത്തിൽ 60 ശതമാനത്തിെൻറ കുറവുണ്ടായി. മുൻ വർഷങ്ങളിൽ മികച്ച വളർച്ച കാണിച്ച മേഖലയായിരുന്നു ഇത്.
2019ൽ 1.2 ബില്യൺ ഒമാൻ റിയാൽ ഉൽപാദനമാണ് ഈ മേഖലയിലുണ്ടായത്. 2018ലെ 700 മില്യണിൽനിന്നാണ് ഇത്രയും വളർച്ചയുണ്ടായത്. 2019ൽ മൂന്നുകോടി സന്ദർശകരെ രാജ്യം സ്വീകരിക്കുകയുമുണ്ടായി. എന്നാൽ, 2020െൻറ ആദ്യ മാസങ്ങളിൽ മുതൽ കോവിഡ് മേഖലയെ ബാധിച്ചുതുടങ്ങി. ഈ ഘട്ടത്തിൽ വരുമാനത്തിൽ 75 ശതമാനം കുറവുണ്ടായി. സന്ദർശകരുടെ എണ്ണം 30,000 ആയി കുറഞ്ഞു. ഹോട്ടൽ അതിഥികളുടെ എണ്ണം 52 ശതമാനം കുറഞ്ഞു. വർഷം അവസാനത്തിൽ 63 ശതമാനം കുറവാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത് -മന്ത്രി വ്യക്തമാക്കി.
മഹാമാരിയുടെ അത്യസാധാരണ സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മൂന്നു വർഷംകൊണ്ട് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ടൂറിസം മേഖലയിൽ 10.9 ശതമാനം സ്വദേശിവത്കരണം നടപ്പായതായും മ്രന്തി ശൂറ കൗൺസിലിനെ അറിയിച്ചു. 2022ലെ ഖത്തർ ലോകകപ്പും ദുബൈ എക്സ്പോയും ഉപയോഗപ്പെടുത്തി സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മരുഭൂമിയിലെ സാഹസിക യാത്രകളാണ് ഒമാെൻറ പ്രധാന ടൂറിസം ആകർഷണം. 130 രാജ്യങ്ങളിലെ ടൂറിസ്റ്റുകൾക്ക് രാജ്യത്ത് വിസ ഇളവുകളുണ്ട്. സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ എയറുമായി സഹകരിച്ച് സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.