മസ്കത്ത്: കോവിഡ് പ്രതിസന്ധി അകലുകയും ജനജീവിതം സാധാരണനില പ്രാപിക്കുകയും ചെയ്തതോടെ ഒമാനിലെ കളിക്കളങ്ങളും ഉണരുന്നു. രണ്ട് വർഷമായി ആളൊഴിഞ്ഞ് കിടന്നിരുന്ന കളിസ്ഥലങ്ങൾ പലതും സജീവമായി. ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി കളിക്കളങ്ങളുണ്ട്.
ഇവിടങ്ങളിലെല്ലാം കായിക പ്രേമികളുടെ തിരക്ക് വർധിക്കുകയാണ്. കൂടാതെ വാദികളും ഒഴിഞ്ഞ സ്ഥലങ്ങളുമൊക്കെ കളിക്കളമായി ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ഇവിടങ്ങൾ കൈയടക്കുന്നത് കുറഞ്ഞ വരുമാനക്കാരും സാധാരണക്കാരുമാണ്. വാരാന്ത്യ അവധി ദിവസങ്ങളിലാണ് കളിക്കളം നിറയുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ രാവിലെയും വൈകീട്ടും ക്രിക്കറ്റ്, ഫുട്ബാൾ അടക്കമുള്ള കളികൾ അരങ്ങേറുന്നുണ്ട്.
എന്നാൽ ക്രിക്കറ്റിനാണ് കൂടുതൽ ഇടം ലഭിക്കുന്നത്. കളിക്കാരിൽ ബഹു ഭൂരിപക്ഷവും ഇന്ത്യ, പാകിസ്താൻ പൗരന്മാരാണ്. കളികൾക്കൊപ്പം മാച്ചുകളും സഹൃദ മത്സരങ്ങളുമൊക്കെ വർധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ പ്രാധാന കളിക്കളങ്ങളിലും ബുക്കിങ്ങുകൾ വർധിച്ചു. ക്രിക്കറ്റ് മാച്ചിന് സൗകര്യമുള്ള അൽ ഹൈലിലെ സ്റ്റേഡിയത്തിൽ വാരാന്ത്യങ്ങളിൽ രാവിലെയും വൈകീട്ടുമായി രണ്ട് മത്സരങ്ങളെങ്കിലും ഇപ്പോൾ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കൂടാതെ ബുക്കിങ്ങുകളും വർധിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ കളിച്ചുകൊണ്ടിരിക്കുന്ന ടീമുകൾ സഹൃദ മത്സരങ്ങൾക്ക് വേണ്ടിയാണ് സ്റ്റേഡിയങ്ങളിലേക്ക് പോവുന്നത്.
ഇത്തരം സ്റ്റേഡിയങ്ങൾ ഫീസും ഈടാക്കുന്നുണ്ട്. കളിക്കാരുടെ ഇഷ്ടകേന്ദ്രം അൽ ഖുവൈറിലെ മന്ത്രാലയം പാർക്കിങ്ങും മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളുമാണ്. അൽഖുവൈറിൽ മന്ത്രാലയത്തിന് സമീപമുള്ള വിശാലമായ പർകിങ് വരാന്ത്യങ്ങളിൽ ഒഴിഞ്ഞു കിടക്കും.
നിരവധി മന്ത്രാലയങ്ങൾ ഒരുമിച്ചു കിടക്കുന്നതിനാൽ കിലോമീറ്ററോളം ദൈർഘ്യമുള്ള പാർക്കിങ്ങിൽ അവധി ദിനങ്ങൾ വാഹനങ്ങളൊന്നുമുണ്ടാവാറില്ല. അതിനാൽ നിരവധി ടീമുകളാണ് ഇവിടെ കളിക്കാനെത്തുന്നത്. വാഹന സൗകര്യമുള്ളവരാണ് ദൂരെയുള്ള കളിസ്ഥലങ്ങളിൽ എത്തുന്നത്. എന്നാൽ സാധാരണക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും തൊട്ടടുത്തുള്ള മണ്ണും കല്ലും നിറഞ്ഞ വാദികളും മലഞ്ചരിവുകളുമാണ് ശരണം.
ഇത്തരം സ്ഥലങ്ങളിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി ടീമുകൾ കളിക്കാനെത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുടെ ഇരുളടഞ്ഞ നാളുകൾക്ക് ശേഷം നാടിനും നഗരത്തിനുമൊപ്പം കായിക മേഖലയും ഉണരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.