മസ്കത്ത്: മേഖലയിൽ സമാധാനം കൈവരിക്കുന്നതിന് ഇസ്രായേലിന്റെ ഫലസ്തീനിലെ അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് ഒമാൻ ലോക നേതാക്കളോട് ആവശ്യപ്പെട്ടു. ഇറാനെ ഒതുക്കിയതുകൊണ്ടോ ഹമാസിനെ ഉന്മൂലനം ചെയ്തതുകൊണ്ടോ ഹിസ്ബുല്ലയെ പരാജയപ്പെടുത്തിയതുകൊണ്ടോ യഥാർഥ സമാധാനം കൈവരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എക്സിൽ കുറിച്ചു.
ഇറാൻ നടപടികളെ അപലപിക്കൻ ചില രാജ്യങ്ങൾക്ക് എളുപ്പമാണ്. പക്ഷേ, അത് ഒന്നിനും പരിഹാരമാകുന്നില്ല. ഇറാനെ നിഷ്ക്രിയമായി അപലപിക്കുന്നതിനെയും ഇസ്രായേലിന്റെ നിരുപാധികമായ പ്രതിരോധത്തെയും വിമർശിച്ച സയ്യിദ് ബദർ, അത്തരം നയങ്ങൾ പ്രതിസന്ധിയെ അർഥവത്തായ രീതിയിൽ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്പൂർണ്ണ പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അന്തർദേശീയ വിമുഖതയെയും മന്ത്രി അപലപിച്ചു. ഇസ്രായേലിന്റെ സൈനിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി അധിനിവേശം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിനെ പിന്തുണക്കുന്നവർ അന്താരാഷ്ട്ര നിയമത്തിന്റെ പേരുപറഞ്ഞു കൊണ്ടാണ് സംസാരിക്കുന്നത്.
എന്നാൽ, ഈ നിയമം നടപ്പാക്കുന്നത് ഫലസ്തീന്റെ കാര്യത്തിൽ ബാധകമാക്കുന്നില്ല. ഇത് മാറണം. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം വാക്കുകളിലല്ല പ്രവൃത്തിയിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല പാശ്ചാത്യ ഗവൺമെന്റുകളും ഫലസ്തീൻ ജനതക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു. അനധികൃത കുടിയേറ്റങ്ങളുടെ വ്യാപനം മൂലം അധിനിവേശത്തിൻ കീഴിലുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളും ജീവിതവും ക്രമേണ നശിച്ചു.
ഗസ്സ, വെസ്റ്റ് ബാങ്ക്, ലബനാൻ എന്നിവിടങ്ങളിലെ സൈനിക പ്രവർത്തനങ്ങൾ ഇസ്രായേൽ നിർത്തിവെക്കണം. ഫലസ്തീനിലെ ഇസ്രായേലിന്റെ അനധികൃത അധിനിവേശം അവസാനിപ്പിക്കാൻ കൂട്ടായ അന്താരാഷ്ട്ര നടപടികൾ ഇതിനുപിന്നാലെ വേണം. അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ സ്ഥാപനപരവും സംഘടനാപരവുമായ പിന്തുണയോടെ ഒരു സമ്പൂർണ പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടമെന്നും സയ്യിദ് ബദർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.