മസ്കത്ത്: ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവാസ ലോകത്തും വലത്-ഇടത് രാഷ്ട്രീയ മുന്നണി പ്രവർത്തകരിൽ ആഹ്ലാദം പടർത്തി. വിവിധയിടങ്ങളിൽ പായസവും മധുര പലഹാര വിതരണവും നടന്നു. വാരാന്ത്യ അവധിയായതിനാൽ ഫലം അറിയാൻ രാവിലെ മുതൽക്കേ പലരും ടെലിവിഷനും മൊബൈൽ സ്ക്രീനിനും മുന്നിലായിരുന്നു. വയനാട് മണ്ഡലത്തിൽ പ്രിയങ്കയുടെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു യു.ഡി.എഫ് അനുഭാവികൾക്ക് ആശങ്ക. ആയിരവും പതിനായിരവും കടന്ന് റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് എത്തിയ ഫലം ഹർഷാരവത്തോടെയാണ് വരവേറ്റത്. എന്നാൽ, പ്രിയങ്കയെപ്പോലുള്ള നേതാവ് വയനാടുപോലുള്ള സുരക്ഷിത മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ചായിരുന്നു ഇടത് പ്രവർത്തകരുടെ ചോദ്യം. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ ഏറെ ആവേശത്തോടെ നോക്കിയിരുന്നത് പാലക്കാട് മണ്ഡലത്തിലേക്കായിരുന്നു. ചെറിയ ഭൂരിപക്ഷമായിരുന്നുവെങ്കിലും ആദ്യ മണിക്കൂറുകളിൽ സി.കൃഷ്ണകുമാറിന്റെ മുന്നേറ്റം എൻ.ഡി.എ പ്രവർത്തകരിൽ ആവേശം പടർത്തി. എന്നാൽ, ആ സന്തോഷത്തിന് അൽപായുസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
രാഹുൽ മാങ്കൂട്ടം പതിയെ ലീഡ് ഉയർത്തിയതോടെ യു.ഡി.എഫ് അനുഭാവികൾ ആഹ്ലാദാരവത്തിലേക്ക് നീങ്ങി. രണ്ടാം സ്ഥാനത്തെങ്കിലും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇടത് അനുഭാവികൾ. എന്നാൽ, കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി 37,293 വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ. ഇവിടെ മികച്ച രാഷ്ട്രീയ പോരാട്ടം നടത്താൻ പാർട്ടിക്ക് കഴിഞ്ഞുവെന്നാണ് ഇടതു പ്രവർത്തകർ പറയുന്നത്. എന്നാൽ, എൽ.ഡി.എഫിന്റെ വർഗീയ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ് പാലക്കാട്ടെ വിജയമെന്ന് യു.ഡി.എഫ് അനുകൂലികളും പറഞ്ഞു. ചേലക്കരയിലെ തിളക്കമാർന്ന വിജയം മൂന്നാം ഇടതു സർക്കാറിന്റെ തറക്കല്ലിടലാണെന്ന് കൈരളി ഒമാൻ ഭാരവാഹി സന്തോഷ് കുമാർ പറഞ്ഞു .നിയമസഭ തെരഞ്ഞെടുപ്പുകളോടെ ഇടതു ഭരണത്തിന് അന്ത്യമാകുമെന്നും യു.ഡി.എഫ് അനുകൂലികൾ അഭിപ്രായപ്പെട്ടു. തൃക്കാക്കര, പുതുപ്പള്ളി എന്നിവിടങ്ങളിലെപ്പോലെ ഭൂരിപക്ഷം രണ്ടും മൂന്നും ഇരട്ടിയായി വർധിപ്പിക്കാൻ യു.ഡി .എഫിനായെന്നും അതോടൊപ്പം ചേലക്കരയിൽ ഉണ്ടായപോലെ വോട്ടുചോർച്ച ഇടതു മുന്നണിക്ക് മറ്റു മണ്ഡലങ്ങളിൽ ഉണ്ടായാൽ നാൽപതിലധികം മണ്ഡലങ്ങളിലെ ഫലം മാറുമെന്നും യു.ഡി.എഫ് അവകാശപ്പെട്ടു. വിജയം യു.ഡി.എഫ് പ്രവർത്തകർക്കും മതേതര വിശ്വാസികൾക്കുമുള്ള അംഗീകാരമാണെന്ന് ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് അഭിപ്രായപ്പെട്ടു. പാലക്കാട് സംഘടന സംവിധാനത്തിൽ വന്ന പാളിച്ചകൾ നേതൃത്വം പരിധോധിക്കണമെന്ന് ബി.ജെ.പി അനുഭാവികൾ അഭിപ്രായപ്പെട്ടു. അതേസമയം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം നേടിയ വലിയ വിജയം ബി.ജെ.പി മാത്രമാണ് ഇനി ഇന്ത്യയിൽ എന്നതിന്റെ ഉദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മനസ്സ് മതേതരമാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് ഉപ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുതിര്‍ന്ന പ്രവാസി കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസൻ. സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ച് വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കുന്നതിന് ഏതറ്റം വരെയും പോകുന്ന തെരഞ്ഞെടുപ്പായിരുന്നു പാലക്കാട് കണ്ടത്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്റെ വിജയം ആവര്‍ത്തിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ സി.പി.എമ്മിന് നല്‍കുന്നത്. ചേലക്കരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തിലേക്ക് ഇത്തവണ എത്താന്‍ കഴിയാതിരുന്നത് ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ഇന്ത്യയില്‍ ഏറെ പ്രസക്തിയുണ്ടെന്നതിന് വീണ്ടും അടിവരയിടുന്നതാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട്ടില്‍ ലഭിച്ച ഭൂരിപക്ഷമെന്നും സിദ്ദീഖ് ഹസന് പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ ശക്തമായ സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബിന്ദു പാലക്കൽ അഭിപ്രായപെട്ടു. രാഹുലിന്റെ ഉജ്ജ്വല വിജയം സി.പി.എമ്മിനും ബി.ജെ.പിക്കുമുള്ള തിരിച്ചടിയാണ്. ചേലക്കരയിൽ അഭിമാനകരമായ പോരാട്ടമാണ് നടന്നത്. 39,000ൽ പരം ഉണ്ടായിരുന്ന സി.പി.എമ്മിന്റെ ഭൂരിപക്ഷം പന്തീരായിരത്തിലേക്ക് കുറക്കാൻ കഴിഞ്ഞത് വലിയ രാഷ്ട്രീയ നേട്ടമാണ്. ചരിത്ര വിജയമാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ വിജയം ധിക്കാരം, അനാവശ്യ വിവാദങ്ങൾ, കാലുമാറൽ, കൃത്രിമ ആരോപണങ്ങൾ, ഭരണവിരുദ്ധ വികാരം, രഹസ്യ ബി.ജെ.പി മുന്നണി ശ്രമം എന്നിവക്കുള്ള തിരിച്ചടിയാണെന്ന് സീനിയർ കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ അഭിപ്രായപ്പെട്ടു. പോളിങ് ശതമാനം കുറഞ്ഞിട്ടും പ്രിയങ്ക ഗാന്ധിക്കും രാഹുൽ മാങ്കൂട്ടത്തിലിനും ഭൂരിപക്ഷം കൂടിയത് പിണറായി, മോദി ഗവൺമെന്റുകൾക്കെതിരെയുള്ള പ്രതിഷേധ സൂചനയാണ്.
രമ്യ ഹരിദാസ് ചേലക്കരയിൽ നിലവിലെ ഭൂരിപക്ഷം കുറച്ചതും ഭരണവിരുദ്ധ വികാരം ജനങ്ങൾ ഒരിക്കൽ കൂടി ഓർമിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.