മസ്കത്ത്: ‘റനീൻ’ ഫെസ്റ്റിവൽ വേദിയിലേക്കുള്ള ആളുകളുടെ യാത്ര സുഗമമാക്കാൻ ഷട്ടിൽ ബസ് സർവിസുമായി അധികൃതർ. മത്ര ഫിഷ് മാർക്കറ്റ് പാർക്കിങ്ങിൽനിന്ന് ഓരോ15 മിനിറ്റിലും ബസുകൾ ഷട്ടിൽ സർവിസ് നടത്തും. രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെയും വൈകീട്ട് നാല് മുതൽ രാത്രി 10 വരെയുമാണ് ഈ സേവനങ്ങൾ ലഭ്യമാകുക. വാരാന്ത്യങ്ങളിൽ രാത്രി 11 മണിവരെ ബസ് സർവിസുണ്ടാകും.
കാഴ്ചയുടെ വിരുന്നുമായി മത്രയിൽ നടക്കുന്ന ‘റനീൻ’ ഫെസ്റ്റിവലിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ബൈത്ത് അൽ ഖൂരി, ബൈത്ത് അൽ ഖോഞ്ചി, മത്ര ഫോർട്ട് എന്നിവിടങ്ങളിലായി നവംബർ 30 വരെ പരിപാടികൾ തുടരും.
വിവിധ കലാകാരന്മാരുടെ സൃഷ്ടികൾ പര്യവേക്ഷണം ചെയ്യാനുള്ള മികച്ച അവസരമാണ് ഫെസ്റ്റിവൽ. മത്രയുടെ ചരിത്രപരമായ വീടുകൾ, തെരുവുകൾ, പാതകൾ എന്നിവയെ ഒരു സർഗാത്മക കേന്ദ്രമാക്കി മാറ്റാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെട്ട പല കലാകാരന്മാരും മത്രയുമായി പ്രാദേശിക ബന്ധമുള്ളവരാണ്.
ലൈറ്റ് പ്രൊഡക്ഷൻ ആർട്ടിസ്റ്റുകൾ, സൗണ്ട് കമ്പോസർമാർ, ഫോട്ടോഗ്രഫർമാർ എന്നിവയുൾപ്പെടെ 10 അന്താരാഷ്ട്ര കലാകാരന്മാരെ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
ഫെസ്റ്റിവലിലേക്ക് പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ ദിവസം നിരവധി ആളുകളാണ് ഫെസ്റ്റിവൽ ആസ്വദിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.