മസ്കത്ത്: ഒമാനിൽ എ.ടി.എം ഇടപാടുകൾ കുറയുന്നതായി റിപ്പോർട്ട്. അടുത്ത കാലത്തായി കൂടുതൽ ഉപയോക്താക്കൾ മൊബൈൽ അധിഷ്ഠിത പേമെന്റുകളിലേക്ക് മാറിയതാണ് ഈ പ്രവണതക്ക് കാരണം. എ.ടി.എം ഇടപാടുകൾ 2022ലെ 15 ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 11 ശതമാനമായി കുറഞ്ഞു. ഉപയോക്താക്കളുടെ മറ്റു ഡിജിറ്റൽ പേമെന്റ് ചാനലുകളിലേക്കുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ എ.ടി.എമ്മുകളുള്ളത് മസ്കത്ത് ഗവർണറേറ്റിലാണ്-565. 173 എ.ടി.എമ്മുകളുമായി വടക്കൻ ബാത്തിനയാണ് തൊട്ടുപിന്നിൽ. 2023ൽ മൊത്തം എ.ടി.എമ്മുകളുടെ എണ്ണം 40 ആയി വർധിച്ചു.
ഉപഭോക്താക്കൾ ഇലക്ട്രോണിക് ബാങ്കിങ്ങിനെ കൂടുതലായി സ്വീകരിക്കുന്നതിനാൽ, പരമ്പരാഗത എ.ടി.എമ്മുകളെ ആശ്രയിക്കുന്നത് കുറഞ്ഞിട്ടുണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എ.ടി.എമ്മുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിരിക്കുന്നത്. ഈ മെഷീനുകൾ 24/7 ബാങ്കിങ് സേവനങ്ങൾ സുഗമമാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. എപ്പോൾ വേണമെങ്കിലും എവിടെയും പണവും ബാങ്കിങ് സേവനങ്ങളും നൽകി ചരക്കുകളുടെയും സേവനങ്ങളുടെയും തടസ്സമില്ലാത്ത ചലനം സാധ്യമാക്കുന്നു. ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചറിന്റെ തുടർച്ചയായ പ്രസക്തിയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിന് വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകളോടും സാങ്കേതിക മുന്നേറ്റങ്ങളോടും പൊരുത്തപ്പെടാൻ സി.ബി.ഒയും ധനകാര്യ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണെന്ന് റിപ്പോർട്ട് പറയുന്നു.
അതേസമയം, ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിൾ പേ ഡിജിറ്റൽ പേമെന്റ് സേവനം കഴിഞ്ഞ ഒക്ടോബറിൽ ഒമാനിൽ തുടക്കമായിരുന്നു. ബാങ്ക് മസ്കത്ത്, സുഹാർ ഇന്റർനാഷനൽ, സുഹാർ ഇസ്ലാമിക്, ബാങ്ക് ദോഫാർ, എൻ.ബി.ഒ, ദോഫാർ ഇസ്ലാമിക്, അൽ മുസ്ൻ എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി പ്രമുഖ ബാങ്കുകൾ ആപ്പിൾ പേയെ അവരുടെ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.ഒ.എസ് ആപ്പുകളിലും വെബിലും പേമെന്റുകൾ നടത്താൻ അനുവദിക്കുന്ന മൊബൈൽ പേമെന്റ് സേവനമാണിത്. ആക്ടീവായി കഴിഞ്ഞാൽ ഐഫോൺ ഉപയോക്താക്കൾക്ക് ക്യാഷ് കൗണ്ടറുകളിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴിയുള്ള നിലവിലുള്ള പേമെന്റിന് പകരം ആപ്പിൾ പേ ഉപയോഗിച്ച് പണമടക്കാൻ സാധിക്കും.
നിലവിലെ കാർഡ് അധിഷ്ഠിത പേമെന്റ് രീതിക്ക് പകരമായി കാർഡ് ടോക്കണൈസേഷൻ സേവനം (സി.ടി.എസ്) നൽകുന്നതിന് ബാങ്കുകൾക്കും പേമെന്റ് സേവന ദാതാക്കൾക്കും കഴിഞ്ഞ വർഷം ഒമാൻ സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ടോക്കണൈസേഷന് എന്നത് യഥാര്‍ഥ കാര്‍ഡ് വിശദാംശങ്ങള്‍ക്കു പകരം ടോക്കണുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളില്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന മാര്‍ഗമാണ്. ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകള്‍ ജനറേറ്റ് ചെയ്യപ്പെടും. ഒരിക്കല്‍ ജനറേറ്റ് ചെയ്ത കോഡ് മറ്റൊരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽനിന്ന് യാതൊരു ഫീസും ഈടാക്കില്ല. ഷോപ്പിങ് മാളുകൾ, കഫേകൾ, റസ്റ്ററന്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജ്വല്ലറി സ്റ്റോറുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, പലചരക്ക് കടകൾ, പച്ചക്കറികൾ, പഴങ്ങൾ വിൽക്കുന്നവർ, കെട്ടിട നിർമാണ സാമഗ്രികൾ, വ്യവസായ മേഖലകളിലെ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളജിൽ രാജ്യത്ത് കഴിഞ്ഞ വർഷം ജനുവരി മുതൽ പണരഹിത പേമെന്റ് സ്കീം ഘട്ടം ഘട്ടമായി നടപ്പിക്കിയിട്ടുണ്ട്.
കൂടുതൽ ആളുകൾ മൊബൈൽ വഴിയോ ഇന്റർനെറ്റ് വഴിയോ അക്കൗണ്ട്-ടു-അക്കൗണ്ട് കൈമാറ്റം പോലുള്ള പണരഹിത ഇടപാടുകളിലേക്ക് തിരിയുന്നു. ഇത് സുൽത്താനേറ്റിൽ സമഗ്ര ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾക്ക് ഉത്തേജനം നൽകുന്നതാണ്.
ഓൺലൈൻ റീട്ടെയിൽ ഇടപാടുകൾ (ഡയറക്ട് ക്രെഡിറ്റ് ആൻഡ് ഡയറക്ട് ഡെബിറ്റ്) സുൽത്താനേറ്റിൽ 2022-ൽ 37.8 ശതമാനം വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് 2023ൽ പറയുന്നു. 2021ലെ 199.2 ദശലക്ഷം ഇടപാടുകളിൽനിന്ന് കഴിഞ്ഞ വർഷമിത് 274.4 ദശലക്ഷത്തിലെത്തി. ചെക്ക് പേയ്മെന്റുകളുടെ അളവ് കുറഞ്ഞിട്ടുണ്ട്. ഇത് പേപ്പർ അധിഷ്ഠിതത്തിൽനിന്ന് ഡിജിറ്റൽ ബദലുകളിലേക്കുള്ള നീക്കത്തെ സൂചിപ്പിക്കുന്നതാണെന്നും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.