മസ്കത്ത്: ഗൾഫ് കപ്പ് ട്വന്റി20 ടൂർണമെന്റിൽ രണ്ടാമത്തെ മത്സരത്തിൽ ഒമാന് തോൽവി. ദുബൈ ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയരായ യു.എ.ഇയോട് 24 റൺസിനാണ് തോൽവി ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങി ഒമാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുക്കാനേ സാധിച്ചുള്ളൂ. രണ്ട് വീതം വിക്കറ്റെടുത്ത ജുനൈദ് സിദ്ധീഖ്, അലീ നസീർ, മുഹമ്മദ് ജവാദുല്ല എന്നിവരുടെ ബൗളിങ് മികവാണ് യു.എ.ഇക്ക് വിജയം എളുപ്പമാക്കിയത്. എത്തിപ്പിടിക്കാവുന്ന സ്കോർ ലക്ഷ്യമാക്കി ഇറങ്ങിയ ഒമാന് ഓപണർമാരായ ക്യാപ്റ്റൻ ജതീന്ദ്രസിങും (26),ആമീർ കലീമും (23) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, പിന്നീട് വന്നവർക്കൊന്നും കാര്യമായ സംഭാവന നൽകാൻ സാധിക്കാത്തതും മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ കഴിയാത്തതും തിരിച്ചടിയായി.
വാലറ്റത്ത് മുഹമ്മദ് നദീം ചില ഒറ്റപ്പെട്ട പ്രകടനം നടത്തിയെങ്കിലും (12 ബാളിൽ 22*) ടീമിന് വിജയം നേടിക്കൊടുക്കാനായില്ല. നേരത്തേ മുഹമ്മദ് വസീ(48), താനിഷ് സൂരി (40), അലിഷാൻ ഷറഫു (22) എന്നിവരുടെ ബാറ്റിങ് മികവിലാണ് യു.എ.ഇ പൊരുതാവുന്ന സ്കോർ പടുത്തുയർത്തിയത്. ഒമാനുവേണ്ടി സമയ് ശ്രീവാസ്തവ മൂന്ന്, സുഫിയാൻ മുഹമ്മദ് രണ്ട്, മെഹറാൻ ഒന്നും വിക്കറ്റ് എടുത്തു. ആദ്യ മത്സരത്തിൽ ഒമാൻ ഖത്തറിനെ 35 റൺസിന് തോൽപ്പിച്ചിരുന്നു. ഒമാന്റെ അടുത്ത മത്സരം ചൊവ്വാഴ്ച ബഹ്റൈനെതിരെയാണ്. ഒമാൻ സമയം ഉച്ചക്ക് 1.30നാണ് കളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.