മസ്കത്ത്: ആഘോഷ പൊലിമയിൽ ഒമാനിലെ ഇന്ത്യൻ പ്രവാസികൾ വ്യാഴാഴ്ച ദീപാവലി ആഘോഷിക്കും. ഉത്തരേന്ത്യക്കാർ ഏറെ പ്രാധാന്യത്തോടെയാണ് ദീപാവലി കൊണ്ടാടുന്നത്. വനവാസം കഴിഞ്ഞ് രാജ്യത്തേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കുന്നതിന്റെ ഓർമക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.
വിളക്ക് കത്തിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ശ്രീരാമനെ സ്വീകരിച്ചതെന്നാണ് വിശ്വാസം. ഇതിന്റെ ഓർമക്കാണ് വീടുകളിലും മറ്റും വിളക്കുകൾ കത്തിച്ചും ദീപാലങ്കാരങ്ങൾ നടത്തിയും ദീപാവലി ആഘോഷിക്കുന്നത്.
ഒമാനിലും ഈ വർഷം ഏറെ പ്രാധാന്യത്തോടെയാണ് ദീപാവലി ആഘോഷം. വീടുകളിലും മറ്റും അലങ്കാര വിളക്കുകൾ ഉയർന്ന് കഴിഞ്ഞു. ദീപാവലിയോടനുബന്ധിച്ച് പ്രത്യേക പരിപാടികളും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ധന്തേരാസ് എന്ന പേരിൽ അറിയപ്പെടുന്ന ഒന്നാം ദീപാവലി ചൊവ്വാഴ്ചയായിരുന്നു. ഈ ദിവസത്തിലെ പ്രത്യേക മുഹൂർത്തത്തിൽ സ്വർണം അടക്കമുള്ള പുതിയ വസ്തുക്കൾ വാങ്ങുന്നത് വർഷം മുഴുവൻ ഐശ്വര്യമുണ്ടാക്കുമെന്ന വിശ്വാസവും നിലവിലുണ്ട്. അതിനാൽ പലരും ഈ ദിവസം സ്വർണമോ പുതിയ വസ്തുക്കളോ വാങ്ങുന്നു. ഇതുകാരണം ജ്വല്ലറികളിൽ നല്ല തിരക്കാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. ഇതു മുന്നിൽ കണ്ട് ഉപഭോക്താക്കളെ ആകർഷിക്കാൻ പല ജ്വല്ലറികളും ഓഫറുകൾ വെച്ചിരുന്നു.
ദീപാവലി ഉൽപന്നങ്ങൾ നേരത്തെതന്നെ വ്യാപാര സ്ഥാപനങ്ങളിൽ എത്തിയിരുന്നു. മെഴുകുതിരി ദീപങ്ങളും ദിയകളും അടക്കം നിരവധി ഉൽപന്നങ്ങളാണ് നാട്ടിൽ നിന്നുമെത്തിയത്. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ വൻ തിരക്കായിരുന്നു. മധുര പലഹാരങ്ങൾ ഉണ്ടാക്കലും വിതരണം ചെയ്യലുമാണ് ദീപാവലിയുടെ പ്രധാന സവിശേഷത. എല്ലാ വീടുകളിലും മധുരപലഹാരങ്ങൾ ഉണ്ടാകും.
ദീപാവലിക്ക് വീട്ടിൽ എത്തുന്നവരെ സ്വീകരിക്കുന്നതും മധുര പലഹാരം നൽകിയാണ്. ദീപാവലിക്ക് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും മധുര പലഹാരങ്ങൾ സമ്മാനമായി നൽകുന്ന ചടങ്ങുമുണ്ട്. കമ്പനികളും സ്ഥാപനങ്ങളും അവരുടെ ഉപഭോക്താക്കൾക്ക് മധുര പലഹാരങ്ങൾ സമ്മാനമായി നൽകുകയും ചെയ്യും.
ഇത്തരം ഉൽപന്നങ്ങൾ ഉണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ബേക്കറികളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചില ബേക്കറികൾക്ക് കമ്പനികളിൽനിന്നും മറ്റും വമ്പൻ ഓർഡറുകൾ ലഭിച്ചതിനാൽ നാട്ടിൽ നിന്നും മറ്റും പ്രത്യേക തൊഴിലാളികളെ എത്തിച്ചാണ് മധുര പലഹാരങ്ങൾ ഉണ്ടാക്കുന്നത്. ദീപാവലി ആഘോഷങ്ങൾ അഞ്ചു ദിവസം നീളും. ശനിയാഴ്ചയാണ് ആഘോഷങ്ങൾ അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.